യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.
അതേ സമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു നിമിഷയുടെ മോചനം. ‘അപ്പ ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമം നടത്തിയിരുന്നു. നടപടികൾ വൈകുന്നതിൽ ആശങ്കപ്പെട്ടിരുന്നു’ മകള്‍ മറിയം പറഞ്ഞു.
നിമിഷയുടെ മോചനത്തിനായി കേന്ദ്രസർക്കാരിലും വിദേശകാര്യമന്ത്രാലയത്തിലും ഉമ്മൻചാണ്ടി നിരന്തര സമ്മർദം ചെലുത്തിയിരുന്നു. ‘അപ്പയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്. അദ്ദേഹം നടത്തിയ പ്രയത്നങ്ങൾക്കു തുടർച്ചയുണ്ടാകണമെന്ന് വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനോടും പ്രവാസി വ്യവസായി എം.എ.യൂസഫലിയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും മറിയം നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് ഒരു മില്യന്‍ ഡോളര്‍ (8.57 കോടി രൂപ) ആണ്. സനായിലെ ജയിലില്‍ 2017 മുതല്‍ തടവിലാണ് നിമിഷ. ഇറാന്‍ ഇടപെടലും ഫലംകണ്ടില്ല.നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം.