കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഇടപെടല്‍ ഏറെ കയ്യടി നേടിയിരുന്നു. മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചിരുന്നു. 'ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ' വഴിയാണ് സഹായം നൽകുക. വീടുപണിപൂർത്തിയാക്കാനുള്ള പണമാണിതെന്നും തന്റെ പിതാവുണ്ടായിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നുവോ അതിനു തുല്യമായാണിത് ചെയ്യുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഇപ്പോഴിതാ വിഷയത്തില്‍ വൈകാരിക കുറുപ്പുമായി രംഗത്ത് എത്തിയിരുക്കുകയാണ് ചാണ്ടി ഉമ്മന്‍റെ സഹോദരി മറിയ ഉമ്മൻ. മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണടിത്ത് താന്‍ ചാണ്ടിയിലൂടെ അപ്പയെ വീണ്ടും കണ്ടുവെന്നും മറ്റുള്ളവരോടുള്ള സഹാനുഭൂതി കാണുമ്പോള്‍ അപ്പായെയാണ് ഓര്‍മ്മ വരുന്നതെന്നും മറിയ ഉമ്മൻ കുറിച്ചു.
തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് ഭർത്താവ് വിശ്രുതൻ. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. ഭർത്താവായിരുന്നു പരാതി ഉന്നയിച്ചത്. തകർന്നുവീണ 13-ാം വാർഡിലാണ് ബിന്ദു പോയതെന്നും 13, 14 വാർഡിലുള്ളവർ 14-ാം വാർഡിലാണ് പ്രാഥമിക കൃത്യങ്ങൾക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. കാഷ്വാലിറ്റിയിൽ അടക്കം തെരച്ചിൽ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കൾ പരാതി ഉന്നയിക്കുകയായിരുന്നു.
ബിന്ദുവിന്റെ കുടുംബത്തിനു കുറഞ്ഞത് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നായിരുന്നു ചാണ്ടി ഉമ്മനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, സംസ്കാര ചടങ്ങിന്റെ ചെലവിനു 50,000 രൂപ ഇന്ന് നൽകുമെന്നായിരുന്നു മന്ത്രി വാസവൻ പറഞ്ഞത്. ബാക്കി ധനസഹായം പിന്നാലെ നൽകുമെന്നും വാസവൻ പറഞ്ഞു.മന്ത്രിക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ഏതെങ്കിലുമൊരു വിദേശരാജ്യത്താണ് ഇത് സംഭവിച്ചതെങ്കില്‍ എന്തായിരിക്കും അവിടുത്തെ നിയമം നിഷ്‌കര്‍ഷിക്കുക. ഇനി ഒരാള്‍ക്കും ഇത് സംഭവിക്കരുത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കേണ്ടിയിരുന്നില്ല. പഴയത് പൊളിക്കാമായിരുന്നു. വി.എന്‍. വാസവന്റെ ഉത്തരവാദിത്തം കുറച്ചുകാണാന്‍ സാധിക്കില്ല. മുഖ്യമന്ത്രി ഇന്നലെ കോട്ടയത്തുണ്ടായിരുന്നു. കുടുംബത്തെ കാണാന്‍ ശ്രമിച്ചില്ല. ഒരു സിപിഎം നേതാവ് പോലും സംഭവസ്ഥലത്ത് പോയില്ല. കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.