നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിനും തനിക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് മറുപടിയുമായി സിപിഎം നേതാവ് എം സ്വരാജ്. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 

നിലമ്പൂരില്‍ സ്ഥാനാർഥിയാത് മുതല്‍, തന്നെ പിന്തുണച്ചവരെ ഹീനമായി വേട്ടയാടിയെന്നാണ് സ്വരാജിന്‍റെ പ്രധാന ആക്ഷേപം. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരെ അശ്ലീലം പറയുക, അധിക്ഷേപിക്കുക, തെറിയഭിഷേകം നടത്തുക എന്നിവയാണ് നവമാധ്യമങ്ങളില്‍ അരങ്ങ് തകര്‍ത്തത്.  കേരളം ആദ​രവോടെ കാണുന്ന, 90 വയസായ നാടകപ്രവർത്തക നിലമ്പൂർ ആയിഷയെ ഹീനമായാണ് വേട്ടയാടിയത്. എഴുത്തുകാരി കെ ആർ മീരയും ഹരിത സാവിത്രിയും ഹീനമായി അവഹേളിക്കപ്പെട്ടു. 

സ്ത്രീകളാണ് എന്നതിനാല്‍ ആക്രമണത്തിന്‍റെ ശക്തിയും വര്‍ധിച്ചു വരുകയാണ്. ഇവരൊന്നും അധിക്ഷേപം കേട്ടാല്‍ തളര്‍ന്ന് പോവുന്നവരല്ല.  സാംസ്കാരിക രം​ഗത്തെ മറ്റുചിലർ ഈ ആക്രമണത്തെ ശക്തിപ്പെടുത്തുംവിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാർ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുത് എന്ന സിദ്ധാന്തമൊക്കെ അവർ അവതരിപ്പിച്ചു. അക്കൂട്ടത്തിൽപ്പെട്ട ഒരാൾ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിച്ച് നിലമ്പൂരിൽ വന്നു. മറ്റൊരാൾ റോഡ്ഷോയില്‍ പങ്കെടുത്തു. അവർക്കൊന്നും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടിവന്നില്ല. 

യുഡിഎഫിനെ പിന്തുണയ്ക്കാൻ ആ​ഗ്രഹിക്കുന്ന സാംസ്കാരിക പ്രവർത്തകർ സ്വാഭാവികമായും ആ നിലപാടെടുക്കുന്നതിനെ കുറ്റപ്പെടുത്താനാകില്ല. എന്നാൽ ആരെങ്കിലും ഇടതുപക്ഷത്തെ പിന്തുണച്ചാൽ തെറി വിളിച്ച് കണ്ണ് പൊട്ടിക്കും എന്ന നില ശെരിയല്ല. ഏതെങ്കിലും ഇടത് വിരുദ്ധർക്കെതിരെ ന്യായമായ വിമർശനമെങ്കിലും ഉയർത്തിയാൽ സൈബർ ആക്രമണം എന്ന് മുറവിളി കൂട്ടുന്നവരെയൊന്നും ഇവിടെ കാണുന്നില്ല. 

സ്ഥാനാർഥി എന്ന നിലയിൽ തനിക്കുനേരെ ആക്രമണമുണ്ടായി. ഇത് ജമാഅത്തെ ഇസ്ലാമി ഏറ്റുവാങ്ങി പ്രചരിപ്പിച്ചു. ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ ഏത് തരംതാണ മാർ​ഗങ്ങളും സ്വീകരിക്കും. നിങ്ങളുടെ പരിഹാസം കേട്ട് ഞാൻ പേടിച്ചുപോകുമോ എന്ന് നോക്കുക, ഇനി പേടിച്ചുപോയാലോ.. ഏതായാലും കൂടുതൽ കരുത്തോടെ ആക്രമണം തുടരുക, ഒരു ഇടവേളയും കൊടുക്കാതെ അത്തരം ആക്രമണങ്ങളെ സ്വാ​ഗതം ചെയ്യുന്നു.- സ്വരാജ് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

M Swaraj facebook video about nilambur by election