കേരളത്തിന്‍റെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ നിയമിതനായിരിക്കുകയാണ്. കേരളത്തിന്‍റെ 41-ാം സംസ്ഥാന പൊലീസ് മേധാവിയാണ്. എന്നാല്‍ ഈ 'സംസ്ഥാന പൊലീസ് മേധാവി' എന്ന പദവിക്ക് അത്ര പഴക്കമൊന്നുമില്ല. വെറും ഒന്നര പതിറ്റാണ്ടിന്‍റെ പഴക്കം മാത്രമേയുള്ളു. ALSO READ; അന്ന് റവാഡയ്ക്കതിരെ പാര്‍ട്ടി നിലപാട് എടുത്തിരുന്നു; അതൃപ്തി പ്രകടമാക്കി പി. ജയരാജന്‍
സംസ്ഥാന പൊലീസ് മേധാവിയാകുന്നയാളെ ഇപ്പോള്‍ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത് ഡി.ജി.പി–സംസ്ഥാന പൊലീസ് മേധാവി (DGP-SPC) എന്നാണ്. എന്നാല്‍ ആദ്യകാലത്തൊന്നും ഇങ്ങിനെയായിരുന്നില്ല വിശേഷണം. പണ്ട് ഐ.ജി റാങ്കിലുള്ളവരാണ് പൊലീസ് തലപ്പത്ത് എത്തിയിരുന്നത്. പിന്നീടാണ് ഡി.ജി.പി റാങ്കിലുള്ളവര്‍ മേധാവിമാരായി തുടങ്ങിയത്. ആ സമയത്ത് പൊലീസ് മേധാവിയാകുന്നയാളെ വിളിച്ചിരുന്നത് സംസ്ഥാന പൊലീസ് മേധാവിയെന്നല്ല. ഹെഡ് ഓഫ് പൊലീസ് ഫോഴ്സ് എന്നാണ്. അതായത് ഔദ്യോഗിക രേഖകളില്‍ പൊലീസ് തലപ്പത്തെത്തിയിരുന്നവരെ വിശേഷിപ്പിച്ചിരുന്നത് DGP-HOPF എന്നായിരുന്നു.
2009ലാണ് ഈ വിശേഷണത്തിന് മാറ്റം വന്ന് തുടങ്ങിയത്. രാജ്യത്ത് പൊലീസ് മേധാവികള്‍ക്ക് ഏകീകൃത വിശേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. അതോടെയാണ് പൊലീസ് തലപ്പത്തെത്തുന്ന ഉദ്യോഗസ്ഥനെ സ്റ്റേറ്റ് പൊലീസ് ചീഫ് (SPC) അഥവാ സംസ്ഥാന പൊലീസ് മേധാവിയെന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. അങ്ങിനെ 2009ലാണ് സംസ്ഥാന പൊലീസ് മേധാവി എന്ന പദം ജനിക്കുന്നത്. അങ്ങിനെ നോക്കിയാല്‍ കേരളത്തിന്‍റെ സംസ്ഥാന പൊലീസ് മേധാവി എന്ന പദവി വഹിക്കുന്നയാള്‍ ജേക്കബ് പുന്നൂസാണ്. ALSO READ; റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവി; പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍
അധികാര ദണ്ഡിന്‍റെ കഥ
കേരളത്തില്‍ പൊലീസ് മേധാവി അധികാരമേല്‍ക്കുന്നത് മുന്ഗാമിയില്‍ നിന്ന് അധികാരദണ്ഡ് വാങ്ങിക്കൊണ്ടാണ്. അടുത്ത അധികാരമാറ്റം ഉണ്ടാകുന്നത് വരെ ഈ ദണ്ഡ് പൊലീസ് മേധാവിയുടെ ഓഫീസില്‍ കര്‍ശന സുരക്ഷയോടെ സൂക്ഷിക്കുകയും ചെയ്യും. ഈ ദണ്ഡിന്‍റെ ജനനവും ജേക്കബ് പുന്നൂസിന്‍റെ കാലത്താണ്. സാധാരണ ഗതിയില്‍ പൊലീസ് മേധാവി ചുമതലയെടുക്കുന്നതിന് പ്രത്യേക ചടങ്ങുകളൊന്നുമില്ല. സര്‍ക്കാര്‍ വകുപ്പിലെ പ്രധാനികളെല്ലാം ചുമതലെയെടുക്കുന്നത് പോലെ സര്‍ക്കാര്‍ രേഖയില്‍ ഒപ്പിടണം എന്നത് മാത്രമാണ് നിയമപരമായ ചടങ്ങ്. അതായത് ചുമതലയൊഴിയുന്നയാള്‍ ആദ്യം ചുമതല ഒഴിയുന്നതായി രേഖപ്പെടുത്തി ഒപ്പിടും. ആ പേപ്പറില്‍ തന്നെ അതേ ദിവസം ചുമതലയെടുക്കുന്നതായി പുതിയ മേധാവിയും എഴുതി ഒപ്പിടും. ഇതോടെ നടപടികള്‍ പൂര്‍ത്തിയാകും.
ഈ രീതിക്ക് മാറ്റം വേണമെന്നും പൊലീസില്‍ പ്രത്യേക സംവിധാനം കൊണ്ടുവരണമെന്നും തീരുമാനിച്ചത് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പൊലീസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസാണ്. അതിനായി അദേഹം രൂപപ്പെടുത്തിയതാണ് അധികാര ദണ്ഡ്. തേക്ക് തടിയില്‍ നിര്‍മിച്ചതാണ് ദണ്ഡ്. അതിന്‍റെ മുകളില്‍ പൊലീസ് മുദ്ര കൊത്തിയിട്ടുണ്ട്. തിരുവനന്തപുരം ചാക്കയില്‍ താമസിച്ചിരുന്ന ആശാരിയെക്കൊണ്ടാണ് ജേക്കബ് പുന്നൂസ് ഈ ദണ്ഡ് നിര്‍മിച്ചത്. 2011 ഫെബ്രൂവരിയില്‍ മുതല്‍ ഇത് പൊലീസിന്‍റെ അധികാര ദണ്ഡായി പൊലീസ് ആസ്ഥാനത്ത് ഇടംപിടിച്ചു.
അതിന് ശേഷം പുതിയ പൊലീസ് മേധാവി ചുമതലയെടുക്കുമ്പോള്‍ പേപ്പറില്‍ ഒപ്പിട്ട ശേഷം സ്ഥാനം ഒഴിയുന്ന മേധാവി ഈ ദണ്ഡ് പിന്‍ഗാമിക്ക് കൈമാറും. ഇതോടെ അധികാരം കൈമാറിയെന്ന് വിലയിരുത്തപ്പെടും. 2011 മുതല്‍ ഇന്ന് വരെ ഈ കീഴ് വഴക്കം പാലിച്ച് പോരുന്നു. പക്ഷെ സര്‍ക്കാര്‍ ഉത്തരവുകളിലെവിടെയും ഇതാണ് പൊലീസ് മേധാവിയുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് കൗതുകം.
കീഴ്‌വഴക്കം തെറ്റിയത് ഒരു തവണ
അധികാര ദണ്ഡ് കൈമാറി ചുമതലയൊഴിയുന്ന കീഴ് വഴക്കം ഒരുതവണ മാത്രമാണ് തെറ്റിയത്. ടി.പി.സെന്‍കുമാറിന്‍റെ സമയത്ത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയാക്കി. ഇതോടെ സര്‍ക്കാരിനോട് തെറ്റിയ സെന്‍കുമാര്‍ അധികാരദണ്ഡ് കൈമാറ്റത്തിന് തയാറായില്ല. ബെഹ്റയ്ക്ക് ദണ്ഡ് കൈമാറാതെ, ബെഹ്റയെത്തുന്നതിന് മുന്‍പ് അന്ന് അഡ്മിനിസ്ട്രേഷന്‍ എ.ഡി.ജി.പിയായിരുന്ന അനില്‍ കാന്തിന് അധികാരം കൈമാറി സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്ത് നിന്നിറങ്ങി. പിന്നീട് അനില്‍കാന്താണ് ബെഹ്റയ്ക്ക് അധികാരദണ്ഡ് കൈമാറിയത്. എന്നാല്‍ പിന്നീട് ബെഹ്റയുടെ കാലം കഴിഞ്ഞപ്പോള്‍ ഇതില്‍ കൗതുകകരമായ ഒരു കാര്യംകൂടിയുണ്ടായി. ബെഹ്റയ്ക്ക് പകരക്കാരന്‍ എന്ന നിലയില്‍ അധികാരദണ്ഡ് കൈമാറേണ്ടിവന്ന അനില്‍കാന്ത് ബെഹ്റയ്ക്ക് ശേഷം പൊലീസ് മേധാവിയായി. അതോടെ തനിക്ക് അധികാര ദണ്ഡ് കൈമാറിയയാള്‍ക്ക് തന്നെ അധികാരദണ്ഡ് തിരിച്ച് നല്‍കി ബെഹ്റ പൊലീസ് ആസ്ഥാനത്ത് നിന്നിറങ്ങിയതും ചരിത്രം.
ഇത്തവണയും അധികാര കൈമാറ്റം പകരക്കാരനിലൂടെ
ഇത്തവണ റവാഡ ചന്ദ്രശേഖര്‍ക്ക് അധികാരവും അധികാരദണ്ഡും നേരിട്ട് കൈമാറിയല്ല ദര്‍വേഷ് സാഹിബ് പടിയിറങ്ങുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ വരാന്‍ വൈകുമെന്നതിനാല്‍ താല്‍കാലിക ചുമതല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി H.വെങ്കിടേഷിന് കൈമാറി ദര്‍വേഷ് പടിയിറങ്ങും. അപ്പോള്‍ അധികാരത്തിന്‍റെ ദണ്ഡ് നല്‍കി റവാഡയെ സ്വീകരിക്കുന്നത് വെങ്കിടേഷായിരിക്കും. അതുകൊണ്ട് കാലം മുന്നോട്ട് പോകുമ്പോള്‍ അനില്‍കാന്തിന് കിട്ടിയഭാഗ്യം വെങ്കിടേഷിനെ തേടിവരുമോയെന്ന് കാത്തിരിക്കാം.