f-35-fighter-jet

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി വിമാനത്തിന് കാവല്‍ നില്‍ക്കുന്ന സി.ഐ.എഫ്.എഫ് ഉദ്യോഗസ്ഥന്‍

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്35 ബി യുദ്ധ വിമാനത്തിന്‍റെ അറ്റകുറ്റപണി എന്ന് തുടങ്ങും എന്നതില്‍ വ്യക്തതയില്ല. വിമാന നിർമാതാക്കളായ യുഎസ് കമ്പനി ലോക്ഹീഡ് മാർട്ടിന്റെ എൻജിനീയർമാരും ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധരും സംഘത്തിലുണ്ടാകും. സംഘമെത്തിയാല്‍ യുദ്ധവിമാനം ഹാങറിലേക്ക് മാറ്റാമെന്നാണ് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കിയത്. 

എഫ്-35ബി യുദ്ധ വിമാനം തിരുവനന്തപുരത്ത് അറ്റകുറ്റപണി നടത്തിയാലും വിവരങ്ങള്‍ രഹസ്യമാക്കിവെയ്ക്കുമെന്നാണ് വിവരം. അറ്റകുറ്റപണിയുടെ കാര്യങ്ങള്‍ യുകെ സര്‍ക്കാര്‍ ഇന്ത്യയോട് വിശദീകരിക്കില്ലെന്ന് ബ്രിട്ടീഷ് സോഴ്സിനെ ഉദ്ധരിച്ച് ദിഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അറ്റകുറ്റപണിക്ക് ശേഷം ആവശ്യമായ സുരക്ഷ പരിശോധന നടത്തി എഫ്-35ബി റോയല്‍ എയര്‍ഫോഴ്സിന്‍റെ ഭാഗമാക്കി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രത്യാശ. 

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം. സാങ്കേതിക തകരാര്‍ തിരുവനന്തപുരത്ത് വച്ച് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമോ, ഹെവി ലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് വിമാനമോ അയച്ച് എഫ്-35ബി വിമാനത്തെ ബ്രിട്ടനിലേക്ക് തിരികെ എത്തിക്കാനാണ് സാധ്യത. 11 കോടി ഡോളര്‍ (ഏകദേശം 935 കോടി രൂപ) വില വരുന്ന വിമാനമാണ് എഫ്-35ബി. 

അതേസമയം, എഫ്–35ബി വിമാനത്തിന് ഈടാക്കേണ്ട പാര്‍ക്കിങ് ഫീസ് സംബന്ധിച്ച് ഇതുവരെ കണക്കാക്കിയിട്ടില്ലെന്നാണ് വിമാനത്താവള വൃത്തങ്ങൾ പറയുന്നത്. വിഐപി വിമാനങ്ങൾ ഉപയോഗിക്കുന്ന ബേ 4 ലാണ് ഇത് പാർക്ക് ചെയ്തിരിക്കുന്നതെന്നതിനാല്‍ വിമാന ഗതാഗതത്തെ ഇത് ബാധിക്കുന്നില്ല. വിമാനത്തിന്‍റെ ഭാരത്തെ അടിസ്ഥാനമാക്കിയാണ് സാധാരണ പാർക്കിങ് ഫീസ് ഈടാക്കുന്നത്. എന്നാൽ ഫൈറ്റർ ജെറ്റ് ഭാരം കുറഞ്ഞതാണ്. അതിനാൽ സാധാരണ അളവുകോൽ ഈ വിമാനത്തില്‍ ബാധമാകില്ല. വിഷയത്തില്‍ കേന്ദ്രസർക്കാര്‍ തീരുമാനമെടുക്കും എന്നാണ് വിവരം. 

സംയുക്ത പറക്കലിനിടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്‌‌ൽസ് കപ്പലിൽ നിന്നു പറന്നുയർന്ന ശേഷമാണ് എഫ്35ബി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. മോശം കാലാവസ്ഥ കാരണമായിരുന്നു ലാന്‍ഡിങ്. മടങ്ങാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിങ് തകരാർ കണ്ടെത്തി. കപ്പലിലെ എൻജിനീയർമാരുടെ സംഘം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

ENGLISH SUMMARY:

The start date for repairs on the British Royal Navy's F-35B fighter jet, which made an emergency landing at Thiruvananthapuram airport due to technical issues, remains unclear. British authorities state the jet can be moved to a hangar once a team of engineers from Lockheed Martin and British technical experts arrives.