sreesha-everest

പാലക്കാട് ഷൊർണൂരിൽ നിന്ന് സ്വപ്നം കണ്ടു യാത്ര തുടങ്ങിയ ഒരു പെൺകുട്ടി എത്തിപ്പെട്ടത് എവറസ്റ്റു കൊടുമുടിക്കു മുകളിലാണ്. ഷൊര്‍ണൂര്‍ കണയംതിരുത്തിയില്‍ സ്വദേശി ശ്രീഷ. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിതകൂടിയായ ശ്രീഷ ഡാൻസർ കൂടിയാണ്. ശ്രീഷയുടെ മനസ്സിൽ എവറസ്റ്റ് എന്ന കൊടുമുടി കയറി കൂടിയിട്ട് കാലങ്ങളായി. ദിവസങ്ങളെണ്ണി കാത്തിരിപ്പായിരുന്നു. ഒടുവിൽ ആ ലക്ഷ്യവും മറികടന്നു.

ഏപ്രില്‍ ആദ്യ വാരത്തിലാണ് യാത്ര ആരംഭിച്ചത്. 5,300 മീറ്റര്‍ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പില്‍ നിന്നും 6,900 മീറ്റര്‍ ഉയരമുള്ള ലോബുചെ പര്‍വതം വരെയുള്ള ആദ്യ ഘട്ടം ഏപ്രില്‍ 25-ന് പൂര്‍ത്തിയാക്കി. മേയ് 15-നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. അതി ശക്തമായ ഹിമക്കാറ്റില്‍ 11 മണിക്കൂര്‍ നീണ്ട ആ കഠിന യാത്രക്കൊടുവില്‍ മേയ് 20-ന് രാവിലെ 10.30-ന് ശ്രീഷ രവീന്ദ്രന്റെ കാല്‍പാടുകള്‍ എവറസ്റ്റിന്റെ മുകളില്‍ പതിഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ 15-ഓളം കൊടുമുടികള്‍ കീഴടക്കിയ ഏക മലയാളിയാണ് ശ്രീഷ രവീന്ദ്രന്‍. ഓരോ സാഹസിക യാത്ര കഴിയുംതോറും ആത്മവിശ്വാസവും അടുത്ത കൊടുമുടി കയറും. ഉയരങ്ങള്‍ കീഴടക്കാന്‍ ഉള്ള പ്രചോദനമാണ് ഒാരോ യാത്രയുമെന്നാണ് ശ്രീഷയുടെ പക്ഷം. ബെംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശ്രീഷ നര്‍ത്തകി കൂടിയാണ്. ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാർഥി. അടുത്ത ലക്ഷ്യം തേടിയുള്ള യാത്ര ഉടനുണ്ടാകുമെന്നാണ് ശ്രീഷ പറയുന്നത്.

ENGLISH SUMMARY:

A girl from Shoranur, Palakkad, who once dreamed of distant horizons, has now reached the top of the world—Mount Everest. Sreesha, a native of Kaniyamthiruthi, Shoranur, has become the second Malayali woman to scale Everest. A dancer by passion, Sreesha had been nurturing the dream of conquering Everest for years. After counting the days with hope and determination, she finally achieved her goal.