കേരള രാഷ്ട്രീയത്തിലെ അതികായൻ കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് 84 ന്റെ നിറവിൽ. 1970 ൽ തൊടുപുഴ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ പി ജെ പിന്നീടിതുവരെ നടന്നു തീർത്ത വഴികൾക്ക് സമാനതകളില്ല. തൊടുപുഴ പുറപ്പുഴ വീടിന്റെ ഉമ്മറത്ത് ഇപ്പോഴും ജനങ്ങളുടെ പ്രശ്നം കേട്ട് അതിന് പരിഹാരം കാണാൻ തൊടുപുഴക്കാരുടെ ജോസഫ് സാർ സജീവമാണ്.
84 വയസെന്ന് പറയുമ്പോൾ ആയിരം പൂർണ ചന്ദ്രമാരെ കണ്ടു എന്നാണ് നാട്ടു ഭാഷ. തൊടുപുഴയെ കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയ പി ജെ യെന്ന രണ്ട് അക്ഷരങ്ങൾക്ക് ആ പൂർണ്ണചന്ദ്രന്മാരെക്കൾ തിളക്കമുണ്ട്. രാഷ്ട്രീയം കൊണ്ട് മത്രമല്ല. കൃഷിയും സംഗീതവുമൊക്കെയായി മണ്ണില്‍ വേരാഴ്ത്തിയാണ് പുറപ്പുഴ വയറ്റാട്ടില്‍ ജോസഫിന്റെയും അന്നമ്മയുടെയും മകന്‍ ഔസേപ്പച്ചന്‍ മലയോര ജനതയുടെ ഹൃദയത്തിലേക്ക് പടർന്ന് കയറിയത്. ആ കരുതലിനെ പിന്നീട് തൊടുപുഴക്കർ പി ജെ യെന്നും ജോസഫ് സാറെന്നും വിളിച്ചു.
ഉമ്മൻചാണ്ടി, എ കെ ആന്റണി, പിണറായി വിജയൻ എന്നിവരോടൊപ്പം 1970 ലാണ് പി ജെ ആദ്യമായി തൊടുപുഴയില്‍ നിന്ന് നിയമസഭയിൽ എത്തിയത്. 1977 ലെ ആന്റണി മന്ത്രി സഭയില്‍ എട്ട് മാസം ആഭ്യന്തര മന്ത്രിയായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, ഭവനനിര്‍മാണം, റജിസ്ട്രേഷന്‍, ജലവിഭവം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്ത് പിന്നീട് അഞ്ച് തവണ കൂടി മന്ത്രി സഭയിലെത്തി.
1989 ലും 1991 ലും ലോക്സഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. നിയസഭയിലേക്കുള്ള യാത്രയില്‍ 2001 ല്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി ടി തോമസിനോട് മാത്രമാണ് പി ജെ പരാജയം രുചിച്ചത്. എന്നാല്‍ അവിടെ നിന്നിങ്ങോട്ട് ഇതുവരെയും തൊടുപുഴ പിജെ യെ കൈവിട്ടിട്ടില്ല. ജനസേവനത്തിന്റെ അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും രാഷ്ട്രീയത്തിൽ കുറുക്കുവഴികൾ അറിയില്ലെന്നാണ് പി ജെ യുടെ പക്ഷം.
രാവും പകലും അടയ്ക്കാത്ത ഗേറ്റ് ആണ് പുറപ്പുഴ വീട്ടിലേത്. ആർക്കും എപ്പോൾ വേണമെങ്കിലും ഇവിടേക്കെത്താം. ആ തണലിന്റെ തണുപ്പ് ഒരിക്കലെങ്കിലും തൊട്ടറിഞ്ഞവരാണ് തൊടുപുഴക്കാർ. ഭാര്യ ശാന്ത മരിച്ചതിൽ പിന്നെ പി ജെ യ്ക്ക് ആഘോഷങ്ങൾ പതിവില്ല. കുടുംബംഗങ്ങൾക്കും പ്രവർത്തകർക്കുമൊപ്പം ഈ പിറന്നാൾ ദിനവും ചിലവഴിക്കാനാണ് തീരുമാനം.