AI Image
28–ാം പിറന്നാളിന് ഒരു മണിക്കൂര്‍ ശേഷിക്കെ യുവാവ് വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ഷാഹരയില്‍ വെള്ളിയാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. ഗഗന്‍ അഹിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഗഗന്‍റെ പിറന്നാള്‍ കേക്ക് മുറിക്കാന്‍ തയാറെടുക്കുന്നതിനിടെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ ബൈക്കിലെത്തി. ഗഗനെ സ്നേഹപൂര്‍വം ആലിംഗനം ചെയ്ത ശേഷം നെറ്റിയില്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പൊലീസില്‍ മൊഴി നല്‍കി. ഉടനടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കുനാല്‍, അക്ഷിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്കുപയോഗിച്ച തോക്കും പ്രതികള്‍ എത്തിയ ബൈക്കും പൊലീസ് പിടിച്ചെടുത്തു. പ്രദേശത്തുണ്ടാകുന്ന അടിപിടിക്കേസുകളില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട ഗഗനും പ്രതികളുമെന്നാണ് പൊലീസ് പറയുന്നത്. ഗ്യാങിലെ അധികാരത്തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് കരുതുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍പ് നിസാര കാര്യത്തിന്‍റെ പേരില്‍ പ്രതികളിലൊരാളെ ഗഗന്‍ തല്ലിയിരുന്നു. ഇതിന് പ്രതികാരം ചെയ്തതാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഗഗന്‍റെ പിറന്നാള്‍ ദിവസം പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന വ്യാജേനെയാണ് പ്രതികള്‍ പിറന്നാള്‍ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്. ഭാരതീയ ന്യായ സംഹിത, ആയുധ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.