കമല്‍ഹാസന് ഇന്ന് എഴുപത്തിയൊന്നാം ജന്‍മദിനം. ആറാംവയസുമുതല്‍ അഭ്രപാളിയെ അമ്പരപ്പിക്കുന്ന ഇതിഹാസം. ദി എന്‍സൈക്ലോ പീഡിയ ഓഫ് ഇന്ത്യന്‍ സിനിമയെന്ന് തലമുറകള്‍ വാഴ്ത്തുന്ന അതുല്യപ്രതിഭ. പുതിയ കമല്‍ വിസ്മയങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
കളത്തൂര്‍ കണ്ണമ്മയെന്ന ആദ്യചിത്രത്തിലൂടെ തന്നെ സെല്ലുലോയ്ഡിനെ അമ്പരപ്പിച്ച കൊച്ചുപയ്യന്‍. അന്നത്തെ മികച്ച ബാലതാരത്തില്‍ നിന്ന് ഇതിഹാസത്തിലേക്കുള്ള വളര്‍ച്ച ഇന്ത്യന്‍ സിനിമയുടെ കൂടി ചരിത്രമാണ്. വ്യത്യസ്തതയും പരീക്ഷണങ്ങളും മുഖമുദ്ര. ശബ്ദം കൊണ്ടും നോട്ടം കൊണ്ടും വേഷപ്പകര്‍ച്ച കൊണ്ടുമെല്ലാം അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം കാണിച്ച് തന്നു.
നായകന്‍, ഇന്ത്യന്‍, അവ്വൈ ഷണ്‍മുഖി, ദശാവതാരം തുടങ്ങി ഉദാഹരണങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. നായകനായി തുടക്കം മലയാളചിത്രം കന്യാകുമാരിയിലൂടെ. കാമുകനായും വീരനായകനും അമാനുഷിക കഥാപാത്രമായും തീയറ്റുകള്‍ നിറച്ചു. ഉലകനായകനെന്ന് വിളിച്ച് ലോകം വാഴ്ത്തി. ഏറെ വിനയത്തോടെ ആ പേര് അദ്ദേഹം വേണ്ടെന്ന് വച്ചു. കലാകാരന്‍ കലയേക്കാള്‍ വാഴത്തപ്പെടാന്‍ പാടില്ലെന്ന അദ്ദേഹത്തിന്‍റെ വിശ്വാസമായിരുന്നു ഇതിന് പിന്നില്‍.
സധൈര്യം തന്‍റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് സിനിമയ്ക്ക് പുറത്തും വ്യത്യസ്തനായി. രാജ്യസഭയിലും അദ്ദേഹത്തിന്‍റെ ശബ്ദം കേട്ടു. കൂടുതല്‍ കമല്‍ മാജിക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.