കോഴിക്കോട് പന്തീരാങ്കാവ് മുണ്ടുപാടത്ത് കിണറില്‍ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. എരഞ്ഞിക്കല്‍ സുധീഷ് കുമാറിന്‍റെ പറമ്പിലെ കിണറിലാണ് മൂന്ന് ദിവസം മുമ്പ് പന്നി വീണത്. ഏറെനാളായി ഇവിടെ കാട്ടുപന്നിശല്യം രൂക്ഷമാണ്.
വ്യാഴാഴ്ച രാത്രിയാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ കാട്ടുപന്നി വീണത്. ഈ കിണറ്റില്‍ നിന്നാണ് സമീപത്തെ വീടുകളിലേക്ക് കുടിവെള്ളം എടുക്കുന്നത്. ടാങ്കില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ കാട്ടുപന്നിയെ കണ്ടത്. തുടര്‍ന്ന് പെരുമണ്ണ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. രാവിലെ പത്തുമണിയോടെ മീഞ്ചന്തയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയെത്തി. ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കാട്ടുപന്നിയെ കുരുക്കിട്ട് പിടിച്ചു. പെരുമണ്ണ പഞ്ചായത്ത് അനുമതി നല്‍കിയതോടെ എം പാനല്‍ ഷൂട്ടറെത്തി വെടിവയ്ക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി കാട്ടുപന്നിക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നു. ഇവയെ നാട്ടുകാര്‍ ഓടിച്ചുവിട്ടിരുന്നു. ഇതിനിടെ കൂട്ടംതെറ്റിയ കാട്ടുപന്നിയാവും കിണറ്റില്‍ വീണതാണെന്നാണ് കരുതുന്നത്