കാസർകോട് പൊലീസിനെ നിരീക്ഷിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ വിവരം കൈമാറ്റം കോഡുകൾ ഉപയോഗിച്ച്. അച്ഛൻ, അക്ഷയ, പാട്ട എന്നിങ്ങനെയാണ് കോഡുകള്‍ പൊലീസ് വാഹനം സ്റ്റേഷനിൽ നിന്ന് ഇറങ്ങുന്നത് മുതൽ തിരിച്ചു വരുന്നതു വരെയുള്ള മുഴുവൻ വിവരങ്ങളും ലഭ്യമാകും. കഴിഞ്ഞദിവസം രാജപുരത്തുനിന്ന് പിടികൂടിയത് ഒരു ഗ്രൂപ്പാണ്. എന്നാല്‍ ജില്ലയിൽ പ്രവർത്തിക്കുന്നത് നിരവധി ഗ്രൂപ്പുകളാണ്.
പൊലീസിൻ്റെ വയർലെസ് കമ്മ്യൂണിക്കേഷൻ നടത്തുന്നതിന് സമാനമായി പൊലീസ് വാഹനങ്ങളും ഉദ്യോഗസ്ഥരും എവിടെയെന്ന് കൃത്യം കൃത്യമായി വിവരങ്ങൾ നൽകുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ. കാസർകോട് ജില്ലയിൽ ഓരോ മേഖലകളിലും ഇത്തരത്തിലുള്ള നിരവധി ഗ്രൂപ്പുകളാണ് പ്രവർത്തിക്കുന്നത്.
പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങുന്ന വാഹനം തിരിച്ച് പൊലീസ് സ്റ്റേഷനിൽ എത്തുന്നത് വരെ നിരീക്ഷണത്തിന് വൻ ശൃംഖലയാണ് പ്രവർത്തിക്കുന്നത്. ഓട്ടോ തൊഴിലാളികൾ, ലോട്ടറി വിൽപ്പനക്കാർ, ലോറി ഡ്രൈവർ അങ്ങനെ നിരത്തുകളിൽ സ്ഥിരമായി ഉള്ള ആളുകളാണ് ഗ്രൂപ്പിലേക്ക് വിവരങ്ങൾ നൽകുന്നത്. പൊലീസ് വാഹനങ്ങൾ മാത്രമല്ല ഗ്രൂപ്പ് അംഗങ്ങളുടെ പരിധിയിൽ വരുന്ന സർക്കാർ, മാധ്യമ വാഹനങ്ങളും നിരീക്ഷണത്തിലാണ്.
പൊലീസുകാർ തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കോബ്ര , ചാൾഡ് തുടങ്ങിയ കോഡുകൾ ഉപയോഗിക്കാറുണ്ട്. അതുപോലെ പൊലീസിനെ നിരീക്ഷിക്കുന്ന സംഘത്തിനും ഉണ്ട് കോഡുകൾ. വീട് എന്നാൽ പൊലീസ് സ്റ്റേഷൻ. പാട്ട ഒരു പൊലീസ് ജീപ്പിൻറെ കോഡ്. ജനകീയ മറ്റൊരു പൊലീസ് ജീപ്പ്. ചൊറ രാജപുരം എസ് ഐ പ്രദീപ് കുമാറിനുള്ള കോഡ്. ഇവ രാജപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാമിലി എന്ന ഗ്രൂപ്പിലെ കോഡുകളാണ്. പെരിയ, ചരവത്തൂർ, ബന്ധടുക്ക, മുന്നാട്, ചട്ടഞ്ചാൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളിൽ പഴയ അക്ഷയ പുതിയ അക്ഷയ എന്നിങ്ങനെ കോഡുകൾ.
കാസർകോട് ജില്ലയിലും സംസ്ഥാന വ്യാപകമായും സമാനമായ ഗ്രൂപ്പുകൾ ഉണ്ട്. ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരെ പിടികൂടിയാലും കൃത്യനിർമാണം തടസ്സപ്പെടുത്തിയെന്ന വകുപ്പ് മാത്രമാണ് പൊലീസിന് ചുമത്താൻ ആവുക. ഈ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ വഴി കണ്ടെത്തിയില്ലെങ്കിൽ പൊലീസിന്റെ കൃത്യം നിർവഹണം അവതാളത്തിലാകും