നവംബര്‍ 15ന് ആത്മഹത്യചെയ്ത ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യാക്കുറിപ്പിലുണ്ട്. 2014ല്‍ പാലക്കാട്ട് സര്‍വ്വീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്. ആരോപണവിധേയനായ മേലുദ്യോഗസ്ഥന്‍ നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഡിവൈഎസ്പിയാണ്. അതേസമയം, ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പൂഴ്ത്തി ആരോപണവിധേയനെ രക്ഷിക്കാനായിരുന്നു ഇന്‍റലിജന്‍സ് ശ്രമം.
ചെര്‍പ്പുളശേരി നഗരത്തില്‍വച്ച് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടത്. അറസ്റ്റ് ചെയ്ത് അന്നേ ദിവസം തന്നെ അവരെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് അവരെ പറഞ്ഞുവിട്ടു. അന്നേ ദിവസം രാത്രി തന്നെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീയുടെ വീട്ടിലെത്തുകയും ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പംകൂട്ടുകയുമാണുണ്ടായത്. അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ആറു മാസം മുമ്പാണ് ചെര്‍പ്പുളശ്ശേരിയിൽ ബിനു തോമസ് ജോലിക്ക് കയറിയത്. നവംബര്‍ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ തന്റെ കോട്ടേജിലേക്ക് പോയ ബിനു പിന്നെ തിരിച്ചുവന്നില്ല. തുടര്‍ന്ന് സഹപ്രവർത്തകർ കോട്ടേജില്‍ അന്വേഷിച്ചെത്തിയപ്പോളാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തോട് ചേർന്ന് 32 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ മാധ്യമങ്ങള്‍ തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ മനപ്പൂർവ്വം മറച്ചുവയ്ക്കുകയായിരുന്നു. ഒടുവിലാണ് ആത്മഹത്യാ കുറിപ്പിലെ പ്രസക്തമായ ഭാഗങ്ങള്‍ മനോരമ ന്യൂസിന് ലഭിക്കുന്നത്.
മേലുദ്യോഗസ്ഥന്‍റെ പ്രവൃത്തികള്‍ മൂലമുള്ള കടുത്ത മാനസിക സമ്മർദത്തെ തുടര്‍ന്നാണ് ബിനു തോമസ് ആത്മഹത്യ ചെയ്തതെന്ന് കുറിപ്പില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ബിനു തോമസ് ആത്മഹത്യ ചെയ്തതിന് ശേഷം നാളുകള്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ ഒരന്വേഷണവും അന്തിമ ഘട്ടത്തിലേക്ക് എത്തിയിരുന്നില്ല. മാത്രമല്ല അന്വേഷണത്തിന്‍റെ ഒരുഘട്ടത്തിലും ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന മേലുദ്യോഗസ്ഥനിലേക്ക് അന്വേഷണം എത്തിയിട്ടുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ആരോപണ വിധേയനായ ഡിവൈഎസ്പിയും രംഗത്തെത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട സ്ത്രീയുമായി ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഈ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നത് ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥനായിരുന്നുവെന്നും നിലവിലെ ആരോപണത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.