ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനം നാളെ കൊച്ചി സ്മാർട്ട്സിറ്റിയിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ യുവാക്കൾക്ക് കേരളത്തിൽ തന്നെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ ലഭിക്കാനുള്ള സൗകര്യം കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന് മന്ത്രി പി രാജീവ് ഫെയ്സ്ബുക്കില്‍ കുറിച്ചു. 

1500 കോടിയുടെ നിക്ഷേപം, മികച്ച വേതനം ഉറപ്പ് നൽകുന്ന 30,000 ടെക് പ്രൊഫഷണൽ തൊഴിലവസരങ്ങൾ, 35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 30 നിലയിലായി പണിതുയർത്തിയ രണ്ട് ഹൈടെക് സമുച്ചയങ്ങൾ തു‌ടങ്ങിയവയാണ് പ്രധാന പ്രത്യേകത. 

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപവാഗ്ദാനങ്ങൾ അതിവേഗത്തിൽ യാഥാർത്ഥ്യമാക്കിക്കൊണ്ട് മുന്നോട്ടുപോകുകയാണ് സർക്കാർ. കൂടുതൽ കമ്പനികൾ കേരളത്തിലേക്ക് കടന്നുവരുമ്പോൾ ലുലു ട്വിൻ ടവർ പോലുള്ള ഏറ്റവും നൂതനമായ സൗകര്യങ്ങളോടെയുള്ള തൊഴിലിടങ്ങൾ ഇനിയും കൂടുതൽ കമ്പനികളെ ഇവിടേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണ്.

ഗ്രീൻ ബിൽഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിൻ ടവറുകൾ യാഥാർത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വർ ബാക്ക് അപ്പ്,  67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 

കൂടാതെ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങൾ കൺവീനിയൻസ് സ്റ്റോറുകൾ,  ജിംനേഷ്യം,  ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിങ്ങ് സ്പേസ്,  മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്. അടുത്ത മൂന്ന് വർഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകൾക്ക് ലുലു ഐടി പാർക്കുകളിലൂടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. 

ENGLISH SUMMARY:

Lulu IT Twin Towers to Be Inaugurated Tomorrow, 30,000 Tech Jobs Expected