വാഹനാപകടത്തില്‍ മരിച്ച കുമളി അണക്കര സ്വദേശി ഷാനറ്റിനെ അവസാനമായി കാണാന്‍ അമ്മ ജിനു എത്തിയത് ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്ന് . റിക്രൂട്ടിങ് ഏജന്‍സി ചതിച്ചതിനെ തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ ജിനു തിരിച്ചെത്തിയ ശേഷമാണ് ഷാനറ്റിന്‍റെ സംസ്കാരം നടത്തിയത്. ജിനുവിനെ നാട്ടിലെത്തിക്കാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ശ്രമങ്ങളെപ്പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് ബിജു പുളിക്കക്കണ്ടം.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് പ്രത്യേകം നന്ദി എന്ന് പറഞ്ഞു കൊണ്ടാണ് ഈ പോസ്റ്റ് ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ 17ന് കുമളി ,അണക്കര വച്ചുണ്ടായ ബൈക്കപകടത്തിലാണ് 17 വയസ്സുകാരനായ ഷാനറ്റ് മരണപ്പെട്ടത്. ഈ സമയം കുവൈറ്റില്‍ ജോലി ചെയ്തിരുന്ന ഷാനറ്റിന്‍റെ അമ്മ ജിനു ലൂയിസ് ഗൗരവകരമായ ചില നിയമനടപടികൾ നേരിടുന്ന സ്ഥിതിയിലായിരുന്നു. കുവൈറ്റിലെ അരുടെ സ്പോണ്‍സറുടെ ദ്രോഹ സഹിക്കവയ്യാതെ രക്ഷപ്പെട്ട ജിനുവിന് മൊബൈൽ ഫോണടക്കം സകലതും നഷ്ടമായിരുന്നു.
തുടർന്ന് കുവൈറ്റ് പോലീസ് ഇവരെ തടവിലാക്കി. വീട്ടുകാർക്ക് ജിനുവുമായി സംസാരിക്കാൻ പോലും കഴിയുന്ന സ്ഥിതിയായിരുന്നില്ല. ഇതേ തുടര്‍ന്ന് ജിനുവിൻ്റെ വീട്ടുകാർ , സുരേഷ് ഗോപിയുമായും അടുത്ത ബന്ധമുള്ള അണക്കര സ്വദേശിയായ ശരത് എന്നയാൾ വഴി തന്നെ ബന്ധപ്പെടുകയായിരുന്നെന്ന് ബിജു പുളിക്കക്കണ്ടം പറഞ്ഞു. അപ്പോൾ തന്നെ തൃശ്ശൂരിലുണ്ടായിരുന്ന സുരേഷ് ഗോപിയെ വിളിച്ചു കാര്യം പറഞ്ഞു. സുരേഷ് ഗോപി ഉടനെ കുവൈറ്റ് എംബസ്സിയിൽ വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. എങ്ങനെയും ഏതുവിധേനയും ജിനുവിനെ നാട്ടിലെത്തിക്കണമെന്ന് കർശന നിർദ്ദേശവും നൽകി.
ഇക്കാര്യങ്ങൾക്കൊക്കെ കുവൈറ്റിലെ ഏറ്റവും പ്രധാനപെട്ട മലയാളി സംഘടനയുടെ രക്ഷാധികാരി ബിനോയ് ചന്ദ്രൻ്റെ പൂർണ്ണ പിന്തുണയുമുണ്ടായിരുന്നു. ഒറ്റക്കൊമ്പൻ സിനിമയുടെ ഷൂട്ടിനായി പാലായിലെത്തിയ സുരേഷ് ചേട്ടൻ, നമ്മുടെ വീട്ടിലായിരുന്നു തങ്ങിയത്.അവിടെ രാത്രിയിൽ ഭക്ഷണം കഴിക്കാനിരുന്ന സമയത്താണ് എംബസിയിൽ നിന്നും പുതിയ അറിയിപ്പ് സുരേഷ് ഗോപിക്ക് വരുന്നത്. ഭക്ഷണം പോലും കഴിക്കാതെ ഉടനെ ജിനുവിൻ്റെ അടുത്ത ബന്ധുവായ ഐപ്പിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് സന്ദേശം കൈമാറി. ഈ സന്ദേശം ഇടുക്കി കളക്ടർക്കും അയച്ചു കൊടുത്തു. അപ്പോഴാണ് പുതിയൊരു പ്രശ്നം ഉടലെടുത്തത്.
തിരിച്ചുവരവിനായുള്ള നടപടികൾക്കായി ജിനുവിനെ ഡിപോര്‍ട്ട് സെന്‍ററില്‍ പ്രവേശിപ്പിച്ചിരുന്ന ക്യാംപിൽ കൊവിഡ് രോഗം പലർക്കും സ്ഥിരീകരിച്ചു. തുടർന്ന് തിരിച്ചയക്കൽ നടപടികൾ വൈകുമെന്ന അറിയിപ്പ് വന്നു. വീണ്ടും സുരേഷ് ഗോപി കുവൈറ്റ് അധികാരികളെ ബന്ധപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു. ഇക്കാര്യങ്ങൾക്കെല്ലാം ഞാൻ സാക്ഷിയായിരുന്നു. പക്ഷേ ഇപ്പോൾ ജിനുവിൻ്റെ മടങ്ങിവരവിന് പലരും അവകാശവാദമുന്നയിക്കുന്നത് കണ്ടാണ് ഇത്രയും എഴുതിയത്.
സുരേഷ് ഗോപി അറിഞ്ഞിരുന്നെങ്കിൽ ഇത് എഴുതിയിടാൻ ചേട്ടൻ എന്നെ അനുവദിക്കുമായിരുന്നുമില്ല. ഷാനറ്റിൻ്റെ അടുത്ത ബന്ധുക്കളും നാട്ടുകാരുമടക്കം പലരും സുരേഷ് ഗോപിയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് എന്നെ വിളിച്ചിരുന്നു. അവർക്കെല്ലാം വേണ്ടി സുരേഷ് ഗോപിയോട് പ്രത്യേകം നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ ചൊവ്വഴ്ച്ചയാണ് ഷാനറ്റും സുഹൃത്ത് അലനും വാഹനാപകടത്തിൽ മരിച്ചത്. കുവൈത്തിലുള്ള അമ്മ ജിനുവിന് മടങ്ങിവരാൻ സാധിക്കത്തതിനാൽ ഷാനറ്റിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.