idukki-death-accident

ഹൈറേഞ്ചില്‍ പെയ്തിറങ്ങിയ ആ മഴയില്‍ ഒരു നാട് ഒന്നാകെയാണ് ഇന്ന് കണ്ണീരടിഞ്ഞത്. ലാളിച്ച് വളര്‍‌ത്തിയ ഏകമകന്‍റെ വിയോഗം ആ അമ്മയ്ക്ക് ഉള്‍കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്‍റെ മാതാവ് ജിനു മകന്‍റെ മരണവാര്‍ത്തയറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഒടുവില്‍ ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടല്‍ അവസാനമായി ആ അമ്മയ്ക്ക് മകനെ ഒന്ന് കാണാന്‍ വഴിയൊരുക്കി.

രണ്ടരമാസംമുമ്പ് കുവൈത്തിലെ ഒരു വീട്ടിൽ ജോലിക്ക് പോയതാണ് ജിനു. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളുംമൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കി. കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽനിന്ന് അവരെ രക്ഷിച്ച്  ഇന്ത്യൻ എംബസിയിലെത്തിച്ചു. കോടതി നടപടികൾക്കുശേഷം തടങ്കലിലായിരുന്നു.

ജൂൺ 17-ന് ജിനുവിന്റെ മകൻ ഷാനറ്റും സുഹൃത്ത് കൊടുവേലിക്കുളത്ത് അലനും ബൈക്കപകടത്തിൽ മരിച്ചു. രണ്ടുദിവസത്തിനകം അലന്‍റെ സംസ്കാരം നടന്നു. എന്നാൽ, അമ്മ എത്താത്തതിനാൽ ഷാനറ്റിന്‍റെ സംസ്കാരം നടത്താനായില്ല. ഇതിനിടെ ജിനുവിന് താത്കാലിക പാസ്പോർട്ട് കിട്ടി. എന്നാൽ, ഇറാൻ-ഇസ്രായേൽ സംഘർഷവും കോവിഡ് പ്രതിസന്ധിയും കാരണം നാട്ടിലേക്കുള്ള യാത്ര വൈകി. അതിനാൽ ഷാനറ്റിൻറെ സംസ്കാരവും നീണ്ടു പോകുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കവേ തമിഴ്നാട്ടിലെ  നിന്ന് ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി വരുന്ന വാഹനമിടിച്ചാണ് ഷാനറ്റും ഒപ്പമുണ്ടായിരുന്ന അലനും മരിച്ചത്. 

ENGLISH SUMMARY:

The high-range rains brought a wave of sorrow today as a community mourned together. For Jinu, the mother of Shanet, losing her only son was an unbearable tragedy. Shanet had died in a vehicle accident in Anakkara, Idukki. Jinu, who was in Kuwait, was initially unable to return home after hearing the devastating news. However, timely intervention from public representatives finally allowed the grieving mother to see her son one last time