നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പുകഴ്ത്തി രമേശ് പിഷാരടി, ‘റിയല്‍ ക്യാപ്റ്റന്‍’ എന്നാണ് വി.ഡി സതീശനെ പിഷാരടി വിശേഷിപ്പിച്ചത്.തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂര്‍ വിജയത്തോടെ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന മറ്റൊരു പദവികൂടി സമ്മാനിക്കുകയാണ്.
സർക്കാരിനെ ജനം എത്രമാത്രം എതിർക്കുന്നു എന്നതിന്റെ ആഴം വ്യക്തമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. മണ്ഡലപുനർനിർണയത്തിനു ശേഷം നിലമ്പൂർ പിടിക്കുക യുഡിഎഫിന് എളുപ്പമായിരുന്നില്ല. 2011ൽ ആര്യാടൻ മുഹമ്മദ് 5500 വോട്ടിനാണ് വിജയിച്ചത്. 2016ലും 2021ലും തോറ്റു. ഇപ്പോൾ അതിന്റെ പലിശയടക്കം നൽകി ജനം മണ്ഡലത്തെ തിരിച്ചു നൽകിയിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
2026ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിനു വേണ്ട ഇന്ധനമാണ് നിലമ്പൂർ ജനത നൽകിയത്. അൻവറിന്റെ കാര്യം ചർച്ച ചെയ്യേണ്ട സമയമല്ലിത്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനം എടുക്കുന്നത്. ഞാൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുക്കാറില്ല. എല്ലാ മാധ്യമങ്ങളും എന്റെ തലയിൽ പലതും കെട്ടിവച്ചു. യുഡിഎഫ് തീരുമാനം ശരിയായിരുന്നുവെന്ന് അവിടത്തെ ജനങ്ങൾ അടിവരയിട്ടിരിക്കുകയാണ്. കുറേ മാധ്യമങ്ങൾ എന്താണ് ചെയ്തതെന്ന് മാധ്യമങ്ങൾ വിലയിരുത്തണം. എനിക്ക് അതിലൊന്നും പരിഭവമില്ല. എല്ലാവരും കാത്തിരുന്നത് എന്തിനായിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നെന്നും സതീശൻ പറഞ്ഞു.
വി.ഡി.സതീശനായിട്ട് ഒരു തീരുമാനവും എടുക്കില്ല. എനിക്ക് അതിനുള്ള അനുവാദമില്ല. കൂടിയാലോചനകളാണ് ഇന്നത്തെ യുഡിഎഫ് നേതൃത്വത്തിന്റെ വിജയം. 2026ൽ കൊടുങ്കാറ്റായി തിരിച്ചുവരും. ടീം യുഡിഎഫ് എന്നെപ്പോലും വിസ്മയിപ്പിച്ച് കളഞ്ഞു. അതു തരുന്ന കരുത്തും ആത്മവിശ്വാസവും വലുതാണ്. നിങ്ങൾ ഇനി വെറും യുഡിഎഫ് എന്ന് പറയരുത്, ടീം യുഡിഎഫ് എന്നേ പറയാവൂ. വരച്ചുവച്ച പോലെയാണ് നിലമ്പൂരിൽ നേതാക്കളും പ്രവർത്തകരും പ്രവർത്തിച്ചത്. ഏത് കേഡർ പാർട്ടിയെയും പരാജയപ്പെടുത്താനുള്ള സംഘടനാവൈഭവം യുഡിഎഫിനുണ്ട്. അത് അടുത്ത തിരഞ്ഞെടുപ്പിൽ കാണിച്ചുതരാമെന്നും സതീശൻ പറഞ്ഞു.