സിപിഎമ്മിലെ കരുത്തുറ്റമുഖം, സെക്രട്ടേറിയറ്റ് അംഗം, സൈബറിടങ്ങളിലെ പോരാളി. മുഖ്യമന്ത്രി കഴിഞ്ഞാല്‍ അണികള്‍ക്കിടയില്‍ ഏറ്റവും ഫാന്‍ ബേസുള്ള നേതാക്കളില്‍ പ്രധാനി. പക്ഷെ സ്വന്തം നാടായ നിലമ്പൂര്‍ സ്വരാജിനെ തുണച്ചില്ല. എല്‍ഡിഎഫ് കോട്ടകളിലടക്കം കടന്നുകയറിയ ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യായി ഒരു സിറ്റിങ് സീറ്റും എല്‍ഡിഎഫ് കൈവിടുന്നു. 5 വര്‍ഷത്തിനിടെ രണ്ടാം തോല്‍വി, ഭരണവിരുദ്ധ തരംഗത്തില്‍ കാലിടറി സ്വരാജ് വീണപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല.

‘കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ’ എന്നാണ് ജ്യോതികുമാർ ചാമക്കാല കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്. നിലപാടിന്റെ രാജകുമാരന്‍ എന്ന് അണികള്‍ പറയുന്ന സ്വരാജിന്‍റെ പരാജയം മുഖ്യന്‍ കാരണമാണെന്നും കമന്‍റുണ്ട്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നതാണ് പാര്‍ട്ടി അനുഭാവികളുടെ ചോദ്യം. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുമുതൽ തന്നെ ലീഡെടുത്താണ് ആര്യാടൻ ഷൗക്കത്ത് മുന്നേറിയത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് കിട്ടിയില്ല. പക്ഷേ പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകള്‍ പിന്നിട്ടതോടെ വ്യക്തമായ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആദ്യ റൗണ്ടുകളില്‍ യുഡിഎഫ് നേടുന്ന ലീഡ് ശക്തികേന്ദ്രങ്ങളിലൂടെ മറികടക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടിയതെങ്കിലും അത് നടന്നില്ല.

സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലിലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് കുതിച്ചു. പോത്തുകല്ലുൾപ്പെട്ട ഒമ്പതാം റൗണ്ടിൽ ലീഡെടുത്തത് ആശ്വാസം നൽകിയെന്നുമാത്രം. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും ഷൗക്കത്ത് കടന്നുകയറുന്ന കാഴ്ചയാണ് പിന്നാലെ കണ്ടത്. വോട്ടെണ്ണല്‍ എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് കടന്നതോടെ ലീഡ് പതിനായിരം കടന്നു. ഇത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു. അതോടെ എൽഡിഎഫ് പതനം പൂർണമായി.

ENGLISH SUMMARY:

Congress leader Jyothikumar Chammakala has trolled Chief Minister Pinarayi Vijayan, quoting the popular Malayalam phrase, "You carried him, Chappa, and you led him to his demise, Chappa," following the defeat of CPI(M)'s strongman and secretariat member P. V. Anvar (Swaraj) in Nilambur.