Image Credit; Facebook
ഉമ്മന്‍ ചാണ്ടിയുമൊന്നിച്ചുള്ള പഴയ കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് ഓർമ്മയുടെ പുസ്തകമാണെന്നും, ചില ചിത്രങ്ങൾ നമ്മളെ കാലത്തിന് പിന്നിലേക്ക് കൊണ്ടുപോകുമെന്നും ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. പണ്ട് ചെമ്മൺ പാതകളിലൂടെ ഉച്ച ചൂടിൽ തിളച്ചു മറിഞ്ഞ അംബാസിഡറുകൾ ഓടിയ കാലം. ഫോട്ടോ മങ്ങി പോയെങ്കിലും ഓർമ്മകൾക്ക് ഇന്നും നിറം മങ്ങിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
കേരളത്തിൽ കോൺഗ്രസിനെ അജയ്യ ശക്തിയായി വളർത്തിയതിൽ നേതൃപരമായ പങ്കുവഹിച്ച കെ. കരുണാകരൻ വിട്ടു പോയപ്പോൾ പാർട്ടി ആകെ കുലുങ്ങിയിരുന്നു. പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഉണ്ടായ തകർച്ച കേരളത്തിലും സംഭവിക്കുമോ എന്ന ആശങ്ക കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾക്ക് ഉണ്ടായിരുന്നു താനും. ആ വലിയ പ്രതിസന്ധിയെ മറികടന്നത് ഒരു കൂട്ടുകെട്ടിലൂടെയാണ്. ഉമ്മൻ ചാണ്ടി–രമേശ് ചെന്നിത്തല ദ്വയം 2011 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും യുഡിഎഫിനെയും അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. അതിനിടയിൽ കരുണാകരനെയും പാർട്ടിയിലേക്കു മടക്കി എത്തിച്ചു.
എ ഗ്രൂപ്പിന്റെ ചോദ്യം ചെയ്യാനാകാത്ത നേതാവായിരുന്നു എന്നും ഉമ്മൻചാണ്ടി. ചെന്നിത്തല ഐ വിഭാഗത്തിന്റെ നേതാവും. എയും ഐയും പടവെട്ടും വിലപേശലും തുടർന്നു. പക്ഷേ അതു തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ബാധിക്കാതെ ഇരുവരും നോക്കി. ഉമ്മൻചാണ്ടിയെ കണ്ടു പൊതുരംഗത്തേക്കു വന്ന തൊട്ടടുത്ത തലമുറയുടെ പ്രതിനിധിയായിരുന്നു ചെന്നിത്തല. ആർക്കും ഏതു സമയത്തും ഒരു പൊതുപ്രവർത്തകനെ സമീപിക്കാമെന്ന് ചെന്നിത്തല പഠിച്ചത് ഉമ്മൻ ചാണ്ടിയിൽ നിന്നാണ്. ആരുടെയും മുഖത്തു നോക്കി ‘നോ’ പറയാൻ ചെന്നിത്തലയ്ക്കു കഴിയാതെ വന്നതും ഒരു പക്ഷേ ഉമ്മൻ ചാണ്ടിയുടെ രീതികൾ കണ്ടാവാം.
ഉമ്മൻ ചാണ്ടി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ചെന്നിത്തല ആദ്യമായി കാണുന്നത്. പിന്നീട് എംഎൽഎയും ചെറുപ്രായത്തിൽ തന്നെ മന്ത്രിയുമായ ഘട്ടത്തിൽ ആ പരിചയം അടുപ്പത്തിലേക്കു വളർന്നെങ്കിലും ദൃഢമാകുന്നത് 2005 ൽ രമേശ് കെപിസിസി പ്രസിഡന്റ് ആകുന്നതോടെയാണ്.പ്രസിഡന്റ് സ്ഥാനാർഥിയായി ജി.കാർത്തികേയന്റെ പേരും ഉയർന്നിരുന്നെങ്കിലും എഐസിസി സെക്രട്ടറിയായ ചെന്നിത്തലയെ എ.കെ.ആന്റണി മുന്നോട്ടുവച്ചു, ഉമ്മൻ ചാണ്ടി പിന്തുണച്ചു. ആ പിന്തുണ താൻ കെപിസിസി പ്രസിഡന്റായിരുന്ന മുഴുവൻ സമയവും ഉണ്ടായതായി ചെന്നിത്തല. അന്നു മൂന്നാം ഗ്രൂപ്പ് ആയിരുന്ന ചെന്നിത്തല പഴയ ഐ ഗ്രൂപ്പുകാരെയാകെ പിന്നിൽ അണിനിരത്താൻ ശ്രമിച്ചപ്പോൾ ഉമ്മൻ ചാണ്ടി ഒപ്പം നിന്നു. കോൺഗ്രസിൽ അവരെ ഉറപ്പിച്ചു നിർത്താൻ അതാണു വേണ്ടതെന്ന് ഉമ്മൻ ചാണ്ടിക്കും അറിയാമായിരുന്നു.