പൊതുജനങ്ങള്‍ക്കിനി പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകില്ല . ശുചിമുറി ഉപഭോക്തക്കള്‍ക്ക് മാത്രം തുറന്നുകൊടുത്താല്‍ മതിയെന്നാണ് പമ്പുടമകളുടെ ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ്. ശുചിമുറി പൊതുജനങ്ങള്‍ക്കായി തുറന്നു നല്കാന് പമ്പുടമകളെ നിര്‍ബന്ധിക്കാനാകില്ലെന്നാണ് ഉത്തരവിന്റെ കാതല്‍.
പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുശൗചാലയമാക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അപകടമേഖലയായ പെട്രോള്‍ പമ്പുകളില്‍ പലപ്പോഴും ശുചിമുറിയുടെ പേരിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ആശാസ്യമല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്
സ്വകാര്യ ഇന്ധനപമ്പുകള്‍ പൊതുമാനദണ്ഡമനുസരിച്ച് സ്വന്തം ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ എന്തിന് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കണം എന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. പക്ഷേ ദീര്ഘദൂരയാത്രയ്ക്കിറങ്ങുന്നവര് പ്രത്യേകിച്ചും സ്ത്രീകള്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറി സൗകര്യങ്ങള്‍ വലിയതോതില്‍ ഉപയോഗിച്ചിരുന്നു എന്നതാണ് വസ്തുത. ഇനിയൊരു ബദല്‍ എന്ത് എന്നതാണ് ഉയരുന്ന ചോദ്യം.
കേരളത്തിലെ പൊതുനിരത്തുകളോട് ചേര്‍ന്ന് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്ത് സൗകര്യങ്ങളാണുള്ളതെന്ന ചോദ്യംകൂടിയാണ് ഈ ഉത്തരവ് ഉയര്‍ത്തുന്നത്. ഉള്ളതില്‍ പലതും ഉപയോഗിക്കാനാകാത്ത വിധം വൃത്തിഹീനം . ഈ സാഹചര്യത്തിലാണ് ദീര്ഘദൂരയാത്രയ്ക്കിറങ്ങുന്ന യാത്രക്കാര്‍ പലപ്പോഴും പെട്രോള്‍ പമ്പുകളിലെ ശുചിമുറികളെ തന്നെയാണ് ആശ്രയിച്ചിരുന്നത്. നടി കൃഷ്ണപ്രഭ ഉള്‍പ്പടെയുള്ളവര്‍ ഈ സാഹര്യത്തോട് പ്രതികരിച്ച് രംഗത്തു വന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ വിഷയം എങ്ങിനെ കൈകാര്യം ചെയ്യുമെന്നതും ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്.
പെട്രോള്‍ പമ്പുകള്‍ സ്വകാര്യ സ്വത്തുക്കള്‍ ആണെന്നും അവിടെ പണം നല്കി സേവനങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് മാത്രം ശുചിമുറികള്‍ ഉപയോഗിക്കാമെന്നുമാണ് ഹൈക്കോടതി ഉത്തരവിന്റെ കാതല്‍ . ഈ സാഹര്യത്തില്‍ സാധാരണക്കാര്‍ക്കുള്ള ബദല്‍ ബസ് സ്റ്റാന്‍ഡുകളിലെയും റെയില്‍വെ സ്റ്റേഷനുകളിലെയും ശുചിമുറികള്‍ തന്നെ. പണം കൊടുത്തുപയോഗിക്കാവുന്ന ശുചിമുറികളുടെ പോലും അവസ്ഥ പറഞ്ഞറിയിക്കാനാവാത്ത വിധം മോശമാണ്. വൃത്തിയുള്ളതും സുരക്ഷിതവുമായ ശൗചാലയങ്ങള്‍ പൊതുജനാരോഗ്യത്തെയും ജീവിത നിലവാരത്തെയും പ്രതിഫലിപ്പിക്കുന്നുകൂടിയാണ്.
2013ല്‍ ഹൈവേ മന്ത്രാലയം പെട്രോള്‍ പമ്പുകളില്‍ 24 മണിക്കൂറും ശുചിമുറിയും കുടിവെള്ളവും പൊതുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്നും ഇതും സംബന്ധിച്ചുള്ള അറിയിപ്പ് വഴിവക്കില്‍ സ്ഥാപിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് പൊതുജനങ്ങള്‍ പെട്രോള്‍ പമ്പുകളിലേ ശുചിമുറികളെ ആശ്രയിച്ചു തുടങ്ങിയത് . ദീര്‍ഘദൂരയാത്രക്കാര്‍ക്കായി ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ ഒട്ടേറെ സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമായിട്ടില്ല. 2012ല്‍ ഷീ ടോയ്ലറ്റുകള് പലയിടത്തും തുടങ്ങിയെങ്കിലും കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാനായോ എന്നും വിലയിരുത്തേണ്ടിയിരിക്കുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ബദല്‍ പദ്ധതികള്‍ അനിവാര്യമായിരിക്കുകയാണ്.