‘ഇല്ലാത്ത ആര്‍ക്കെങ്കിലും കൊടുത്താല്‍ മതിയാരുന്നല്ലോ, ആരെങ്കിലും നോക്കൂലായിരുന്നോ’, പത്തനംതിട്ട ഇലവുംതിട്ടയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വേദന പങ്കിട്ട് നാട്ടുകാര്‍. പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് വീട്ടുകാര്‍ കൂടി അറിഞ്ഞുതന്നെയാകുമെന്നും നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയെക്കുറിച്ച് നല്ല അഭിപ്രായം മാത്രമേയുള്ളൂവെന്നും ഗര്‍ഭിണിയാണെന്ന് തങ്ങളറിഞ്ഞില്ലെന്നും ചിലര്‍ പറയുന്നു. അതേസമയം രണ്ടുമാസമായി പെണ്‍കുട്ടിക്ക് ചില മാറ്റങ്ങളുള്ളതായി തോന്നിയിരുന്നുവെന്നും നടക്കുന്നതിലടക്കം മാറ്റം തോന്നിയപ്പോള്‍ പരസ്പരം സംസാരിച്ചിരുന്നുവെന്നും രണ്ട് ഹരിതകര്‍മസേനാ അംഗങ്ങള്‍ പറയുന്നു. ആണ്‍പിള്ളേരുടെ കൂടെയൊന്നും ആ കുട്ടിയെ കണ്ടിട്ടില്ല, സ്ഥിരം കാണുന്നതാണ്, പ്രസവിച്ചുവെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയെന്നും കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ ഇലവുംതിട്ട പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. അവിവാഹിതയായ ഇരുപത്തിയൊന്നുകാരിക്കെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഇന്നലെ തെളിവെടുപ്പിനായി യുവതിയെ മെഴുവേലിയിലെ വീട്ടിലെത്തിച്ചു. പൊക്കിൾകൊടി മുറിച്ച കത്തി കണ്ടെടുക്കുന്നതിനാണ് വീട്ടിൽ പരിശോധന നടത്തിയത്.
വൈകിട്ട് നാലോടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ സ്റ്റേഷനിലെത്തിച്ചു. വീട്ടിലെ അടുക്കളയിലെ അലമാരയുടെ മുകളിൽ നിന്നു കത്തി പൊലീസ് കണ്ടെടുത്തു. പ്രതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാംപിളും ശേഖരിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനും മറ്റു നടപടികൾക്കും ശേഷം കോടതിയിൽ ഹാജരാക്കി.ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ.വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
നവജാത ശിശുവിന്റെ മൃതദേഹം സംസ്കരിക്കാൻ യുവതിയുടെ വീട്ടുകാർ തയാറായതോടെ ബന്ധുക്കൾക്കു വിട്ടു നൽകിയിരുന്നു. തലയ്ക്കേറ്റ ക്ഷതമാണു മരണ കാരണമെന്നും അടുത്ത ദിവസം സ്ഥലം സന്ദർശിക്കുമെന്നും ഫൊറൻസിക് സർജൻ അറിയിച്ചെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. രക്തസ്രാവത്തെ തുടർന്ന് യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണു കുഞ്ഞുണ്ടായ വിവരം പുറത്തറിഞ്ഞത്. ചേമ്പിലയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കാമുകനിൽ നിന്നാണു ഗർഭിണിയായതെന്നു യുവതി പൊലീസിനോടു വെളിപ്പെടുത്തി. ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞില്ലെന്നും പ്രസവ സമയത്ത് കുളിമുറിയിൽ വീണതായും യുവതിയുടെ മൊഴിയുണ്ട്.