ഉദ്യോഗ നിയമനങ്ങളിൽ അഴിമതി തടയാൻ ഇൻറർവ്യൂ മാർക്ക് ഇനം തിരിച്ച് രേഖപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവ്. വിവരാവകാശ നിയമപ്രകാരം ഉദ്യോഗാർത്ഥി ഇതിന്‍റെ പകർപ്പ് ആവശ്യപ്പെട്ടാൽ നൽകണമെന്നും വിവരാവകാശ കമ്മീഷണർ ഡോക്ടർ എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടു. കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് കോളജിൽ ഓഫീസ് അസിസ്റ്റന്‍റ് നിയമനത്തിൽ ക്രമക്കേടുണ്ടായി എന്നാരോപിച്ചും ഇൻറർവ്യൂ സ്കോർ ഷീറ്റിന്‍റെ പകർപ്പ് ആവശ്യപ്പെട്ടും സമർപ്പിച്ച രണ്ടാം അപ്പീൽ തീർപ്പാക്കിയാണ് ഉത്തരവ്. എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ബാധകമാകുന്ന രീതിയില്‍ പൊതു ഉത്തരവാണ് കമ്മീഷൻ പുറപ്പെടുവിച്ചത്.
സ്കോർ ഷീറ്റിലെ എല്ലാ കോളങ്ങളും ഇൻറർവ്യൂ ബോഡ് അംഗങ്ങൾ പൂരിപ്പിക്കണമെന്നാണ് ചട്ടം. ഇത് കൃത്യമായി പാലിക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് ഗവൺമെൻറ് സെക്രട്ടേറിയറ്റിലെ പൊതുഭരണ സെക്രട്ടറി സർക്കുലർ പുറപ്പെടുവിക്കണം. അതിൽ ഇൻറർവ്യൂവിന് ഉദ്യോഗാർത്ഥികൾ നേടുന്ന ആകെ മാർക്കും സ്കോർഷീറ്റിലെ കോളങ്ങളിൽ അവ ഇനം തിരിച്ചും രേഖപ്പെടുത്തുകയും അവയുടെ വിഭജിത വിശദാംശം(Split details) വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാൻ പാകത്തിൽ സൂക്ഷിക്കുകയും വേണമെന്ന് നിർദ്ദേശിക്കണം. ആ നിർദ്ദേശം എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളും സർവ്വകലാശാലകളും അഫലിയേറ്റഡ് /എയിഡഡ് കോളജുകളും സ്കൂളുകളും സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നടപ്പിലാക്കണം.
കൊട്ടാരക്കര സെൻറ് ഗ്രിഗോറിയോസ് കോളജിൽ 2024 ൽ നടത്തിയ ഓഫീസ് അസിസ്റ്റന്‍റ് നിയമനത്തിന് തയാറാക്കപ്പെട്ട റാങ്ക് ലിസ്റ്റ് നിശ്ചിത നിയമങ്ങളും ചട്ടങ്ങളും പാലിച്ചുള്ളതല്ല. ഓരോ ഉദ്യോഗാർത്ഥിക്കും അഭിമുഖത്തിലെ ഓരോ ഏരിയയിലും സെഗ്‌മെന്‍റിലും ലഭിച്ച മാർക്കുകളുടെ വിഭജിത വിശദാംശവും ഇനം തിരിച്ച മാർക്കുകളും വ്യക്തമാക്കാത്ത അധികൃത നടപടി തെറ്റാണ് എന്നും ഉത്തരവിൽ പറയുന്നു.