ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിയുടെ സംസ്കാരം വൈകുന്നു. ഏജൻസിയുടെ ചതിയിൽപ്പെട്ട് മാതാവ് വിദേശത്ത് കുടുങ്ങിയതാണ് കാരണം. ചൊവ്വാഴ്ചയാണ് 17 വയസുകാരൻ ഷാനറ്റ് ഷൈജുവും സുഹൃത്ത് അലനും അപകടത്തിൽ മരിച്ചത്.
അണക്കരക്ക് സമീപം ചെല്ലർകോവിലിൽ വെച്ചാണ് ഷാനറ്റും സുഹൃത്ത് അലനും സഞ്ചരിച്ച ബൈക്ക് അമിതവേഗതയിലെത്തിയ ജീപ്പുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷാനറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുവൈത്തിലുള്ള മാതാവ് ജിനുവിന് തിരികെയെത്താൻ സാധിക്കാത്തതിനാൽ ഷാനറ്റിന്റെ സംസ്കാരം വൈകുകയാണ്. ജോലിക്കായി കൊണ്ടുപോയ ഏജൻസിയുടെ തട്ടിപ്പിനെ തുടർന്നാണ് ജിനു വിദേശത്ത് കുടുങ്ങിയത്
രണ്ടര മാസം മുമ്പാണ് ജിനു വിദേശത്തേക്ക് പോയത്. എന്നാൽ വാഗ്ദാനം ചെയ്ത ജോലി നൽകാതെ പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസി തട്ടിപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി ജിനു കുവൈറ്റിലെ ട്രാവൽ ജയിലിലാണ്. ജിനുവിനെ മകന്റെ മൃതദേഹം ഒരു നോക്ക് കാണിച്ച ശേഷമേ സംസ്കാരം നടത്തുകയുള്ളെന്നാണ് കുടുംബത്തിന്റെ തീരുമാനം. മരിച്ച ഷാനറ്റിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിനുവിനെ നാട്ടിലെത്തിക്കാൻ എത്രയും പെട്ടെന്ന് ഇടപെടലുകൾ ഉണ്ടാവണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.