auto-child-death

TOPICS COVERED

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചത്. വിതുര സ്വദേശി ഷിജാദ്‌ന്റെ മകൻ ആബിസ് മിൽഹാനാണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് വച്ചായിരുന്നു അപകടമുണ്ടായത്. ഓട്ടോയിലായിരുന്നു മാതാവ് നൗഷിമയുടെ കയ്യില്‍ ആബിസ് മിൽഹാനുണ്ടായിരുന്നത്.വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പോയ ബുള്ളറ്റമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞു. ഓട്ടോറിക്ഷയിൽ ഷിജാദും ഭാര്യ നൗഷിതയും മൂന്ന് മക്കളുമുണ്ടായിരുന്നു. നൗഷിമയുടെ കയ്യില്‍ നിന്ന് ആബിസ് മിൽഹാന്‍ തെറിച്ച് റോഡിലേക്ക് വീണു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ആബിസിന്റെ വിയോഗത്തിൽ ഹൃദയം മുറിയുന്ന വാക്കുകൾ പങ്കുവയ്ക്കുകയാണ് പ്രദേശവാസി അജു കെ മധു. ബൈക്കിൽ സഞ്ചരിച്ച മെഡിക്കൽ വിദ്യാർഥികളുടെ അലക്ഷ്യമായ റൈഡിങ്ങും അശ്രദ്ധയുമാണ് അപകടത്തിനു പിന്നിലെന്ന് അജു ആരോപിക്കുന്നു. ആ കുഞ്ഞു മകന്റെ ജീവൻ തുടിക്കാത്ത ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്ന അച്ഛന്റെ വേദനയെ കുറിച്ചും അജു ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്

15.6.2025 ഉച്ചക്ക് നെടുമങ്ങാട് കരിപ്പൂര് മലംപ്രക്കോണം റോഡിൽ നടന്ന അപകടത്തിൽ പ്രിയ സുഹൃത്ത് ഷിജാദ് വിതുരയുടെ ഇളയ മകൻ ആബിസ് മിൻഹാൻ ( ഒരു വയസ്സ് ) മരണമടയുകയുണ്ടായി. ഇനി കാര്യത്തിലേക്ക് കടക്കാം അമിത വേഗതയിൽ ഇരു ചക്ര വാഹനത്തിൽ സഞ്ചരിച്ച മെഡിക്കൽ വിദ്യാർത്ഥികളാണ് പിഞ്ചുകുഞ്ഞിന്റെ മരണത്തിന് കാരണക്കാർ

ലക്ഷ്യമായി വാഹനം ഓടിച്ച് ഒരു കുടുംബത്തിന്റെ പ്രതീക്ഷ തന്നെ ഇല്ലാതാക്കിയ മെഡിക്കൽ വിദ്യാർത്ഥികൾ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങളെപ്പോലുള്ളവരാണ് സാധാരണപ്പെട്ട ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടത്. ആ നിങ്ങളാണ് കാലനായി മാറിയത്. വാഹനാപകടം സാധാരണ നടക്കുന്നതായിരിക്കാം... പക്ഷേ നിങ്ങൾ ഇത് സ്വയം വരുത്തി വെച്ച ഒരു ദുരന്തമാണ് സ്വാധീനവും പണവും ഉള്ളതുകൊണ്ട് ഇന്നലെ നെടുമങ്ങാട് ഹോസ്പിറ്റലിൽ പോലും നിങ്ങൾക്ക് വേണ്ടി സഹായങ്ങൾ ചെയ്യുവാൻ ഡോക്ടർമാരും,നേഴ്സുമാരും മത്സരിച്ച കാഴ്ചകളാണ് കണ്ടത്. ന്യായം ന്യായത്തിന്റെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ ദൈവത്തിന്റെ കോടതിയിൽ നിങ്ങൾക്ക് ഒരിക്കലും മാപ്പ് നൽകില്ല. ആ പിഞ്ചുകുഞ്ഞിന്റെ മുഖം കണ്ടവരാരും ഒരു കാരണവശാലും നിങ്ങൾക്ക് മാപ്പ് തരില്ല.

ഒരച്ഛന്റെ വേദന എന്തെന്ന് ഞാൻ അറിഞ്ഞ ദിവസങ്ങൾ ആയിരുന്നു ഇന്നലെയും ഇന്നും. മരിക്കുന്നതിന്റെ തലേദിവസം പോലും തന്റെ മകനെ മാറോട് ചേർത്ത് നേരം പുലരും വരെ കളിപ്പിച്ച കാര്യങ്ങൾ എന്നോട് പറയുമ്പോൾ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. ആ കുഞ്ഞു മകന്റെ ജീവൻ തുടിക്കാത്ത ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്നും ആ അച്ഛൻ നെഞ്ച് പൊട്ടും വേദനയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് രണ്ടു കൈകൊണ്ട് നെഞ്ചോട് ചേർത്ത് ഏറ്റുവാങ്ങിയതിനു ശേഷം ആംബുലൻസ് വണ്ടിയിൽ പോലും കൊണ്ടുവരാതെ ആ പൊന്നു മകനെ ചേർത്ത് കാറിൽ കൊണ്ടുവരികയാണ് ചെയ്തത്. ‘അതുവരെ അവൻ എന്നോട് ചേർന്നിരിക്കട്ടെ...’ എന്ന ഹൃദയംപൊട്ടുന്ന വാക്കുകളും. കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല.

ENGLISH SUMMARY:

A one-year-old child tragically died in a collision between an auto-rickshaw and a motorcycle in Valiyimala, Nedumangad, Thiruvananthapuram, yesterday. The deceased has been identified as Aabis Milhan, son of Shijad from Vithura.