തന്‍റെ പ്രിയപ്പെട്ട പൂച്ചയുടെ വിയോഗത്തില്‍ പെറ്റ് ഹോസ്പിറ്റലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ നാദിർഷ.ആരോഗ്യവാനായ തന്‍റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് നാദിർഷ പറയുന്നു. തന്‍റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി.
മറ്റൊരു സ്ഥാപനത്തിലായിരുന്നു പൂച്ചയെ ഗ്രൂമിങ് ചെയ്തിരുന്നത്. അനസ്തേഷ്യ നൽകുന്നതിന്റെ ഭാഗമായിട്ടാണ് പൂച്ചയെ എറണാകുളത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. അനസ്തേഷ്യ എടുത്തതിന് പിന്നാലെ പൂച്ച ചാവുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് പൂച്ച ചത്തതെന്നാണ് നാദിർഷയുടെ ആരോപണം.
പൂച്ചയുടെ കഴുത്തിൽ കുരുക്കിട്ട ശേഷമാണ് ജീവനക്കാർ അനസ്തേഷ്യ നൽകാനായി പൂച്ചയെ കൊണ്ടുപോയതെന്നും അശാസ്ത്രീയമായ രീതിയിലുള്ള ചികിത്സയാണ് പൂച്ച ചാകാൻ കാരണമായതെന്നും നാദിർഷ പരാതിയിൽ പറയുന്നു. സംഭവത്തിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് നാദിർഷ പരാതി നൽകിയിരിക്കുന്നത്. പൊലീസ് പ്രാഥമികമായ പരിശോധന നടത്തി. എന്നാൽ അനസ്തേഷ്യ നൽകുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നാദിർഷയുടെ കുടുംബത്തോട് പറഞ്ഞ് മനസിലാക്കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
നാദിർഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ERNAKULAM PET Hospital . Near Renai medicity . Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ
ഞാൻ കേസ് കൊടുത്തിട്ടുണ്ട്