നിലമ്പൂരിന്റെ വികസന പുരോഗതിക്കായി എം സ്വരാജിന്റെ വിജയം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി പോത്തുകല്ല്, കരുളായി, അമരമ്പലം എന്നിവിടങ്ങളിൽ എൽ ഡി എഫ് സംഘടിപ്പിച്ച റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ ക്ഷേമ വികസന പ്രവർത്തനങ്ങളോടുള്ള ജനങ്ങളുടെ ഐക്യം പ്രകടമാക്കുന്നതും ആവേശം പകരുന്നതും ആണ് ഇക്കാണുന്ന ഓരോ റാലിയും. ഈ പ്രവർത്തനങ്ങൾ കരുത്തോടെ തുടരുന്നതിനായി സ്വരാജിനെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വർഗീയതയ്ക്കും നുണപ്രചരണങ്ങൾക്കും ഒപ്പമല്ല, മറിച്ച് നാടിൻ്റെ വികസനത്തിനും പുരോഗതിയ്ക്കും മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ജനങ്ങൾ നിലകൊള്ളുന്നത്. ആ യാഥാർത്ഥ്യത്തിന് അടിവരയിടുന്ന പിന്തുണയാണ് നിലമ്പൂരിൽ എൽ ഡി എഫിനു ലഭിക്കുന്നത്. എം സ്വരാജിൻ്റെ വിജയത്തിനായി നിലമ്പൂർ മണ്ഡലത്തിലെ ജനങ്ങൾ ഒരുമിക്കുന്ന കാഴ്ചയാണ് നിലമ്പൂരിൽ ദൃശ്യമാകുന്നത്.
എം സ്വരാജിൻ്റെ വിജയം ഉറപ്പിക്കാൻ ആവേശപൂർവ്വം എത്തിച്ചേരുന്ന ജനാവലി നിലമ്പൂർ എൽ ഡി എഫിനൊപ്പമാണെന്ന ഉറച്ച പ്രഖ്യാപനമാണ്. എൽ ഡി എഫ് സർക്കാരിനു കരുത്തു പകരാൻ, നിലമ്പൂരിൻ്റേയും കേരളത്തിൻ്റേയും വികസനത്തിനും പുരോഗതിയ്ക്കും ഊർജ്ജം പകരാൻ സ്വരാജ് നിയമസഭയിലെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.