നടൻ മോഹൻലാൽ കൊല്ലം അമൃതപുരി ആശ്രമത്തിൽ എത്തി . അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനാണ് മോഹൻലാൽ എത്തിയത് . അമ്മാവന്റെ മരണ സമയം വിദേശത്തായിരുന്ന മോഹൻലാൽ നാട്ടിൽ എത്തിയ ഉടനെ ബന്ധുക്കളെ കാണാൻ ആശ്രമത്തിലേക്കെത്തുകയായിരുന്നു . അമൃതപുരി ആശ്രമത്തിലെ മുതിർന്ന അന്തേവാസികളിൽ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥൻ നായർ .
കഴിഞ്ഞ ഏഴിന് പുലർച്ചെയായിരുന്നു നടൻ മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനായ ഗോപിനാഥൻ നായർ വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലം അമൃതപുരി ആശ്രമത്തിൽ വച്ച് മരണപ്പെട്ടത് . എന്നാൽ ഈ സമയം മോഹൻലാൽ വിദേശത്തായിരുന്നു . തനിക്ക് ഏറെ പ്രിയപ്പെട്ട അമ്മാവന്റെ ദേഹവിയോഗത്തിൽ ബന്ധുക്കളെ ഫോണിലൂടെ വിളിച്ചു അനുശോചനം അറിയിച്ചു . തിരികെ നാട്ടിൽ എത്തിയപ്പോൾ ബന്ധുക്കളെ കാണാൻ അദ്ദേഹം അമൃതപുരിയിലേക്കെത്തി . ആശ്രമത്തിൽ എത്തിയ അമ്മയുടെ പ്രിയ ശിഷ്യനെ ആശ്രത്തിലെ മുതിർന്ന സന്യാസിമാർ ചേർന്ന് സ്വീകരിച്ചു .
ചലച്ചിത്ര നിർമ്മാതാവും നടനും കൂടിയായ ആന്റണി പെരുമ്പാവൂരും ഒപ്പം ഉണ്ടായിരുന്നു . ഗോപിനാഥൻ നായരുടെ ഭാര്യ രാധാഭായി, മകൾ ഗായത്രി,മരുമകൻ രാജേഷ് ചെറുമകൾ ദേവിക എന്നിവരെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു . ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജർ കൂടിയായിരുന്നു അന്തരിച്ച ഗോപിനാഥൻ നായർ .സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ഏറെ പ്രീയപ്പെട്ട ഭക്തൻ കൂടിയായിരുന്ന അദ്ദേഹം വര്ഷങ്ങളായി അമൃത പുരി ആശ്രമത്തിലെ അന്തേവാസി ആയിരുന്നു . അമ്മയുടെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ അമൃതപുരിയിൽ നടന്നത് . ഗോപിനാഥൻ നായർ ആയിരുന്നു സഹോദരി ശാന്തകുമാരിയുടെ മകന് മോഹൻലാൽ എന്ന പേര് നൽകിയത് . മോഹൻലാലിനെ അമ്മയുടെ അടുക്കലേക്ക് എത്തിച്ചതും അദ്ദേഹമായിരുന്നു . കുടുംബത്തോടൊപ്പം ചിലവഴിച്ച ശേഷം സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയിയെ കണ്ട് അനുഗ്രഹം വാങ്ങി.