മോഷണം പോയ ആക്ടീവ സ്കൂട്ടി കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 25000 രൂപ പാരിതോഷികമായി നൽകുമെന്ന് പ്രവാസിയും ഗ്രീൻ ഐഡിയ കൺസ്ട്രക്ഷൻസ് ഉടമയുമായ വർക്കല കൊട്ടാരത്തിൽ വീട്ടിൽ എ.എം. ആസാദ്. പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടി മോഷണം പോയ കാര്യം വര്‍ക്കല പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും, രേഖാമൂലം പരാതി നൽകിയിട്ടും ഒരു നടപടിയുമില്ലെന്നാണ് അദ്ദേഹത്തിന്‍റെ പരാതി.
പലവട്ടം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും കാര്യമില്ലാതായതോടെ ആസാദ് വർക്കല സി.ഐക്കും ഡി.വൈ.എസ്.പിക്കും ആർ.ടി.ഒയ്ക്കും പരാതി നൽകിയത്. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചുള്ള അന്വേഷണവും പുരോഗമിച്ചില്ലെന്നും കഴിഞ്ഞ ദിവസം കല്ലമ്പലം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആസാദ് ആരോപിക്കുന്നു.
ഇദ്ദേഹം ഉപയോഗിച്ചിരുന്ന KL 81-B-2832 നമ്പർ ഡി.എൽ.എക്സ് ആക്ടീവ കഴിഞ്ഞ മാസം 5ന് വൈകിട്ട് 6ന് വർക്കല ഇസാഫ് ബാങ്കിന് സമീപമാണ് പാർക്ക് ചെയ്തിരുന്നത്. അടുത്ത ദിവസം രാവിലെ തിരികെ എത്തുമ്പോൾ വാഹനം കാണാതാവുകയായിരുന്നു. സമീപ സ്ഥലങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വാഹനത്തിലുണ്ടായിരുന്ന വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടതിൽ മനംനൊന്താണ് ആസാദ് തന്റെ വാഹനം കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 25000രൂപ പാരിതോഷികമായി നൽകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.