Untitled design - 1

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രന്റെ ഇഷ്ടവിനോദമാണ് കമന്റടി. പോസ്റ്റുകളെക്കാൾ കൂടുതൽ കമൻറ് ഇടാനാണ്  സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത്. മുൻ മന്ത്രിമാർക്ക് നേരെ അടക്കമുള്ള ഈ കൈവിട്ട കമന്റ് അടി, രണ്ട് വീതം താക്കീതും സസ്പെൻഷനും, ഒടുവിൽ അറസ്റ്റുമാണ് പവിത്രന്  സമ്മാനിച്ചത്. 

പേരിന് നേർ വിപരീതമാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് എ. പവിത്രന്റെ സമൂഹമാധ്യമ ഇടപെടൽ. പവി ആനന്ദാശ്രമം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ 4000ത്തിനു മുകളിൽ സുഹൃത്തുക്കളുള്ള ഇയാൾ പോസ്റ്റുകൾ ഇടുന്നത് വിരളമാണ്. പക്ഷേ കാണുന്ന എല്ലാത്തിനും മനസ്സിൽ വിരിയുന്ന അസഭ്യം  കമൻ്റായി രേഖപ്പെടുത്താൻ ഒരു മടിയുമില്ല.

2023ൽ  നെല്ലിക്കാട്ട് വിശ്വകർമ ക്ഷേത്രം പ്രസിഡണ്ടിനെ അപകീർപ്പെടുത്തിയതിന് എഡിഎം താക്കീത് ചെയ്തു. 2024 ഫെബ്രുവരിയിൽ ജോയിൻറ് കൗൺസിൽ ജില്ലാപ്രസിഡന്റിന്റെ പരാതിയിൽ വീണ്ടും കർശന താക്കീത്. സെപ്റ്റംബർ കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ ജാതീയ അധിക്ഷേപം നടത്തിയതിന് സസ്പെൻഷൻ. ഒടുവിൽ മരിച്ച രഞ്ജിതയ്ക്കെതിരെ ലൈംഗികവും ജാതിയവുമായ അധിക്ഷേപം നടത്തിയതിന് സസ്പെൻഷനും അറസ്റ്റും. 

മാനസിക അസ്വസ്ഥത മൂലം തനിക്ക് രാത്രി ഉറങ്ങാൻ ആവുന്നില്ലെന്ന് പവിത്രൻ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. രാത്രിയിൽ ഉറങ്ങാൻ കഴിയാതെ ഫോണിൽ നോക്കിയിരിക്കും, കമന്റുകൾ ഇടും. ചില ദിവസങ്ങളിൽ രാവിലെ മദ്യപിച്ച് ഓഫീസിൽ എത്തും.

ഇന്നലെ സസ്പെൻഷൻ ലഭിച്ചത് അറിയാതെ മദ്യപിച്ചായിരുന്നു ഓഫീസിലെത്തിയത്. അറസ്റ്റിലായ പവിത്രൻ റിമാൻഡിലാണ്. തുടർച്ചയായി റവന്യൂ വകുപ്പിന് അപകീർത്തി ഉണ്ടാക്കുന്ന പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ കലക്ടർ ശുപാർശ ചെയ്തു.  

ENGLISH SUMMARY:

Pavithran Suspended Over Comment on Ranjitha