stray-dog

കൊച്ചി തൃപ്പൂണിത്തുറയിൽ ജനവാസ മേഖലയിലേക്ക് മുപ്പതിലേറെ നായ്ക്കളെ എത്തിച്ചതിൽ പ്രതിഷേധം കനക്കുന്നു. ചാത്താരിയിലുള്ള വീട്ടിലേക്കാണ് നായ്ക്കളെ കഴിഞ്ഞ ദിവസം എത്തിച്ചത്. പള്ളിക്കരയിലെ ജനവാസ മേഖലയിലുള്ള വീട്ടിൽ നിരവധി നായ്ക്കളെ വളർത്തിയതിന് നാട്ടുകാരുടെ എതിർപ്പ് നേരിട്ട സ്ത്രീയാണ് അവയിൽ ഒരുഭാഗത്തെ ഇങ്ങോട്ട് കൊണ്ടുവന്നത്.

വർഷങ്ങളായി 25 ലേറെ നായ്ക്കളെ പാർപ്പിച്ചിരിക്കുന്ന തൃപ്പൂണിത്തുറ ചാത്താരിയിലെ വീട്ടിലേക്കാണ് 30ലേറെ നായ്ക്കൾ കൂടി എത്തിയത്. നേരത്തെ പള്ളിക്കര വെമ്പിള്ളിയിൽ 60 ലേറെ നായ്ക്കളെ പാർപ്പിച്ചിരുന്ന സ്ത്രീക്കെതിരെ നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഈ സ്ത്രീയാണ് നായ്ക്കളെ എത്തിച്ചത്. ചാത്തരിയിലെ വീട്ടിൽ ഷെൽട്ടർ പണിത ശേഷമായിരുന്നു ഇത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞതോടെ ഇവർ വീട്ടുടമസ്ഥയായ സ്ത്രീയുമായി തർക്കമായി. തുടർന്ന് വീട്ടുടമസ്ഥ  സമൂഹമാധ്യമത്തിൽ ഷെൽറ്ററിന്റെ അടക്കം ചിത്രം പങ്കുവച്ചതോടെയാണ് നാട്ടുകാർ ഇക്കാര്യം അറിയുന്നത്. 

നേരത്തെ ഉണ്ടായിരുന്ന നായ്ക്കളെയടക്കം മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ  തയ്യാറായില്ല. നടപടി വൈകിയാൽ ജനകീയ സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് അയൽവാസികൾ.