ലിവിയ ജോസ് ചാലക്കുടിയിൽ ഷീല സണ്ണിയുടെ വാതിലിൽ തട്ടി. 'എന്താണ് മോളെ പെട്ടെന്ന് ഇവിടെ'. ഷീല സണ്ണി ലിവിയയോട് ചോദിച്ചു. "ആന്റിയ്ക്ക് ഒരു സർപ്രൈസ് ആയിട്ട് വന്നതാ." ബംഗ്ലൂരുവിൽ നിന്ന് ചാലക്കുടിയിൽ ലിവിയ കൊണ്ടു വന്ന സർപ്രൈസ് ആയിരുന്നു ലഹരി സ്റ്റാംപ് കേസ്. സുഹൃത്ത് നാരായണ ദാസ് മുഖേന വാങ്ങിയ ലഹരി സ്റ്റാംപ്. അത്, ഷീല സണ്ണിയുടെ ബാഗിലും സ്കൂട്ടറിലും വച്ചു. എന്നിട്ട് എക്സൈസ് ഉദ്യോഗസ്ഥനെ വിളിച്ചു പറഞ്ഞു. ബ്യൂട്ടി പാർലർ ഉടമ, സ്ത്രീ .. പിടിച്ചത് ലഹരി സ്റ്റാംപ് ആണോയെന്ന് സ്ഥിരീകരിക്കാതെ മാധ്യമങ്ങൾക്ക് വാർത്തയായി നൽകി. ഷീലയെ അറസ്റ്റ് ചെയ്തു. 72 ദിവസം ജയിലിലാക്കി. സ്റ്റാംപിൽ ലഹരിയില്ലെന്ന് പരിശോധന ഫലം വന്നതോടെ ഷീല മോചിക്കപ്പെട്ടു.
കാരണമെന്ത് ?
ആദ്യം എക്സൈസ് ക്രൈംബ്രാഞ്ചും പൊലീസും ചോദിച്ച ചോദ്യം. ഉത്തരം നൽകേണ്ടത് ലിവിയ ആണ്. ചേച്ചിയുടെ അമ്മായിയമ്മയെ കുടുക്കാൻ ലിവിയയ്ക്ക് എന്തിന് ശത്രുത? ചേച്ചി പറഞ്ഞിട്ടാണോ? അതോ ചേച്ചിയുടെ ഐഡിയ നടപ്പാക്കിയതാണോ? ഷീല സണ്ണിയേയും മരുമകൾ ലിജിയേയും ബന്ധുക്കളും പരിചയക്കാരും താരതമ്യപ്പെടുത്തി സംസാരിക്കാറുണ്ട്. ഷീല കണ്ടാൽ ചെറുപ്പമാണല്ലോ? ഇത് അമ്മായിയമ്മ തന്നെയാണോ ? ഇത്തരം ചോദ്യങ്ങൾ മരുമകളെ അസ്വസ്ഥമാക്കിയിരുന്നു.
ഷീലയുടെ മകൻ സംഗീത് മൊബൈൽ കട തുടങ്ങാൻ 10 ലക്ഷം ഭാര്യ ലിജിയുടെ പക്കൽ നിന്ന് വാങ്ങിയിരുന്നു. സംഗീത് പണത്തിനു വേണ്ടി ഭാര്യയേയും കുടുംബത്തേയും ആശ്രയിച്ചിരുന്നു. ഷീല സണ്ണിയ്ക്ക് കാശില്ലെങ്കിലും കുടുംബത്തിൽ ഏറെ പ്രാധാന്യം കിട്ടിയിരുന്നു. ഇറ്റലിയിൽ ജോലിയ്ക്കു പോയാൽ ഷീല സമ്പന്നയാകും. പിന്നെ മകൻ അമ്മയെ ആശ്രയിക്കും. അമ്മയും മകനും തമ്മിൽ അല്ലെങ്കിൽ തന്നെ ആത്മബന്ധം വേറെ. ഇത്തരം ചിന്തകൾ ഷീല സണ്ണിയെ കേസിൽ കുടുക്കാൻ കാരണമായെന്നാണ് പൊലീസിൻ്റെ നിഗമനം.
മരുമകൾ ലിജിയറിയാതെ സഹോദരി ലിവിയ ഇത്തരമൊരു കേസ് കെട്ടിച്ചമക്കുമോ? ഇനി ചേച്ചിയുടെ അമ്മായിയമ്മയോട് ലിവിയയ്ക്ക് മറ്റെന്തെങ്കിലും ദേഷ്യമുണ്ടോ? കൊടുങ്ങല്ലൂർ DYSP വി.കെ. രാജുവും സംഘവും ഉത്തരം തേടുന്നത് ഈ ചോദ്യങ്ങൾക്കാണ്. ദുബായിൽ നിന്നും മുംബൈയിൽ വിമാനം ഇറങ്ങിയ ലിവിയയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. കുടുംബം കേസിൽ ആയപ്പോൾ വിദേശത്തേക്ക് വിമാനം കയറിയതായിരുന്നു ലിവിയ. ബംഗളൂരുവിൽ ഹോട്ടൽ മാനേജ്മെൻറ് കോഴ്സിന് പഠിക്കുന്ന വിദ്യാർഥിനി എങ്ങനെ വ്യാജ ലഹരി കേസ് സൃഷ്ടിച്ചു. സാമ്പത്തിക ഇടപാടുകൾ എന്തൊക്കെ? ഒട്ടേറെ കാര്യങ്ങൾ ഇനി പുറത്തു വരാനുണ്ട്.