ranjitha-dream

പ്രവാസജീവിതത്തിന്‍റെ കയ്പ് നുകരാന്‍ രാജ്യം കടക്കുന്ന ഭൂരിഭാഗം മലയാളികളുടെയും സ്വപ്നമായിരിക്കും സ്വന്തം വിയര്‍പ്പുകൊണ്ട് പണിത ഒരു വീട്. അങ്ങനെയൊരു സ്വപ്നത്തെ സാക്ഷാത്കാരത്തിന്‍റെ നെറുകയില്‍ എത്തിച്ചാണ് രഞ്ജിത അകാലത്തില്‍ പൊലിഞ്ഞത്. ഈ വരുന്ന 28ന് രഞ്ജിതയുടെ സ്വപ്ന ഭവനത്തിന്‍റെ പാലുകാച്ചല്‍ ചടങ്ങും ഓണത്തോട് അനുബന്ധിച്ച് ഗൃഹപ്രവേശവും നടക്കാനിരിക്കെയാണ് രഞ്ജിത വിദേശത്തേക്ക് തിരിച്ചത്. 

എന്നാല്‍ ആ യാത്ര അവസാനിച്ചത് രഞ്ജിതയുടെ മരണത്തിലായിരുന്നു. നാട്ടില്‍ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്നമാണ് അഹമ്മദാബാദില്‍ ചിറകറ്റുവീണത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത അ‍ഞ്ച് വര്‍ഷത്തെ അവധിയിലാണ് വിദേശത്തേക്ക് പോകുന്നത്. ഒമാനിലായിരുന്നു ആദ്യ ജോലി. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടനില്‍ ജോലി ലഭിച്ചു. ആരോഗ്യവകുപ്പ് അനുവദിച്ച അഞ്ച് വര്‍ഷത്തെ അവധി അവസാനിക്കാനായതോടെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. 

ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ലണ്ടനിലേക്ക് തിരിച്ചത്. നാട്ടിലെ ജോലിയില്‍ പ്രവേശിക്കും മുന്‍പ് ലണ്ടനിലെ ജോലിയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായുള്ള യാത്രയിലാണ് രഞ്ജിത അപകടത്തില്‍പ്പെട്ടത്. രോഗിയായ അമ്മയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കും ഒപ്പമുണ്ടാകാൻ ഉടൻ മടങ്ങിയെത്തി ജോലിക്ക് പ്രവേശിക്കുമെന്ന് ഉറപ്പുനൽകിയാണ് രണ്ടുദിവസം മുമ്പ് രഞ്ജിത ആശുപത്രിയിൽ നിന്നിറങ്ങിയതെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.നിതീഷ് ഐസക്ക് സാമുവല്‍ ഓര്‍ത്തെടുത്തിരുന്നു.

ENGLISH SUMMARY:

Ranjitha, who lost her life in the Air India plane crash, was set to move into her dream home on the 28th of this month. The housewarming, which was to mark a new beginning with her family, has now turned into a moment of mourning.