ആകാശദുരന്തം തിരുവല്ലയെ ദുഖത്തിലാഴ്ത്തുന്നത് ഇതാദ്യമല്ല. 1985ൽ കനിഷ്ക വിമാനം ചിതറി തെറിച്ചപ്പോൾ ആളിപ്പടർന്ന തീ കല്ലൂപ്പാറ സ്വദേശി ഏലിക്കുട്ടിയെയും കുടുംബത്തെയും കവർന്നെടുത്തു. അവരിൽ രണ്ടുപേരുടെ അവശേഷിപ്പുകൾ ഇന്നും ലഭിച്ചിട്ടില്ല.
Read Also: വിമാനദുരന്തങ്ങളില്‍ നഷ്ടമായത് നിരവധി രാഷ്ട്രീയ നേതാക്കളെ; ഒടുവില്‍ വിജയ് രൂപാണി
1985 ജൂൺ 23, അയർലൻഡിൽ താമസമാക്കിയ പി.കെ ജേക്കബ്, ഭാര്യ ഏലിക്കുട്ടിക്കും മക്കളായ ജിസി, ജാൻസി, ജസ്റ്റിൻ എന്നിവർക്കുമൊപ്പം നാട്ടിലേക്ക് പറന്നത് കാനഡയിൽ നിന്നാണ്. ഡൽഹി ലക്ഷ്യമാക്കിയുള്ള ഇന്ത്യൻ എയർലൈൻസിന്റെ കനിഷ്ക വിമാനം പക്ഷേ അറ്റ്ലാൻഡിക്കിന്റെ ആകാശത്ത് കത്തിയമർന്നു. കാനഡയിലെ ഖലിസ്ഥാൻ ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ ഭീകരാക്രമണമാണ് നടന്നത്. ഏലിക്കുട്ടിയുടെ സഹോദരൻ മാത്യുവിന്റെ ടെലിഫോൺ നിർത്താതെ മുഴങ്ങി. ആ വിളിക്കപ്പുറം പ്രിയപ്പെട്ടവരുടെ വിയോഗ വാർത്തയായിരുന്നു.
ഒരാഴ്ചയ്ക്കുശേഷം ഏലിക്കുട്ടിയുടെയും ജാൻസിയുടെയും ജസ്റ്റിന്റെയും മൃതദേഹം നാട്ടിലെത്തി. ജേക്കബിന്റെ സ്വദേശമായ കരുനാഗപ്പള്ളിയിലായിരുന്നു സംസ്കാരം. ജേക്കബിനെയും മൂത്തമകൾ 13 കാരി ജെസ്സിയെയും കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. 39 വർഷങ്ങൾക്കിപ്പുറം മറ്റൊരു ജൂണിൽ തിരുവല്ല കോയിപ്രം സ്വദേശി രഞ്ജിതയെയും തീ വിഴുങ്ങുമ്പോൾ ജേക്കബിന്റെയും കുടുംബത്തിന്റെയും ഓർമ്മകളെ വീണ്ടും മുറുകെപ്പിടിക്കുകയാണ് നാടും ബന്ധുക്കളും.