പത്തനംതിട്ട തൂമ്പാക്കുളത്ത് രണ്ടു വിദ്യാർത്ഥികൾ മരിച്ച അപകടത്തിൽ രണ്ടാമത്തെ കുട്ടിയെ കാണാതായ വിവരമറിയുന്നത് അപകടം നടന്ന് മണിക്കൂറുകൾ ശേഷം. പല ആശുപത്രികളിൽ അടക്കം തിരഞ്ഞശേഷമാണ് നാലു വയസ്സുകാരൻ യദുകൃഷ്ണന്റെ മൃതദേഹം ഓട്ടോറിക്ഷ മറിഞ്ഞ തോട്ടിൽ നിന്ന് കണ്ടെത്തിയത്. മൂന്നാം ക്ലാസുകാരി ആദ്യലക്ഷ്മിയും നാലു വയസ്സുകാരൻ യദുകൃഷ്ണനുമാണ് അപകടത്തിൽ മരിച്ചത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.
ഇന്നലെ വൈകിട്ട് നാലുമണിയോടെ കരിമാൻതോട് –തൂമ്പാക്കുളം റോഡിലാണ് അപകടമുണ്ടായത്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചുമാറ്റിയപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിനു ശേഷം ഓടിക്കൂടിയ നാട്ടുകാർ കിട്ടിയ വാഹനങ്ങളിൽ കുട്ടികളെയും ഡ്രൈവറെയും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ ഓട്ടോറിക്ഷയില്‍ ആറ് കുട്ടികളുണ്ടായിരുന്നെന്ന കാര്യം സ്ഥലത്തെത്തിയവർ അറിഞ്ഞിരുന്നില്ല. മൂന്നാം ക്ലാസുകാരിയായ ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നു സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ തിരുവല്ലയിലേക്കു മാറ്റുകയും ചെയ്തു.
യദുകൃഷ്ണയുടെ അമ്മ ഈ സമയം പത്തനംതിട്ടയിലെത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ കുട്ടിയെ കാണാൻ കഴിഞ്ഞില്ല. പല ആശുപത്രികളിലേക്കു കൊണ്ടു പോയതിനാൽ അവിടെയും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു മടങ്ങിയ അഗ്നിരക്ഷാ സേന വീണ്ടും അപകടസ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയത്. അപ്പോളേക്ക് സമയം വൈകിട്ട് ഏഴു കഴിഞ്ഞു. ഏഴര കഴിഞ്ഞാണ് ഓട്ടോറിക്ഷ മറിഞ്ഞതിനടുത്ത് 15 മീറ്ററോളം മാറി തോട്ടിലെ വെള്ളത്തിനടിയിൽ കല്ലുകൾക്കിടയിലായി യദുകൃഷ്ണയെ കണ്ടെത്തുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവർക്കും മൂന്നു വിദ്യാർഥികൾക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന വിദ്യാർഥിയുടെ അമ്മ പരുക്കില്ലാതെ രക്ഷപ്പെട്ടു. അതേസമയം, അപകടത്തില്‍ മരിച്ച കുട്ടികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.