മക്കളെ പിരിഞ്ഞിരിക്കുന്നതായിരുന്നു രഞ്ജിതയുടെ ഏറ്റവും വലിയ വേദന. അതുകൊണ്ടാണ് അഞ്ചുവര്‍ഷം മുന്‍പ് മസ്കത്തിലേക്ക് പോയപ്പോള്‍ മക്കളെ ഒപ്പം കൂട്ടിയത്. ഒരുവര്‍ഷം മുന്‍പ് കുടുംബവീടിനു സമീപം പുതിയ വീടിനു തറക്കല്ലുമിട്ടു. അതിനിടെയാണ് യുകെയില്‍ ജോലി ശരിയായത്, പിന്നെ മക്കളെ നാട്ടില്‍ നിര്‍ത്തുകയല്ലാതെ വഴിയില്ലാതായി. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്ക്കൂളിലും ഇരവിപേരൂര്‍ ഒഇഎം സ്കൂളിലുമായി മക്കളെ ചേര്‍ത്തു. അവരെ അമ്മ തുളസിക്കൊപ്പം നിര്‍ത്തിയാണ് രഞ്ജിത യുകെയിലേക്ക് പോയത്. അപ്പോഴും എത്രയും വേഗം നാടണയാനാണ് അവള്‍ ആഗ്രഹിച്ചത്. വീടുപണി അവസാനഘട്ടത്തിലെത്തിച്ചു, പൊന്നുമക്കളുടെ വളര്‍ച്ച കൂടെനിന്ന് കാണാനായി നാളെണ്ണി കാത്തിരിക്കുകയായിരുന്നു ആ അമ്മ. Also Read: വിമാനത്തിലുണ്ടായിരുന്നത് ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ ഇന്ധനം; ദുരന്ത വ്യാപ്തി കൂടിയതിങ്ങനെ...
പക്ഷേ വിധി മറ്റൊന്നായിരുന്നു. ആഗ്രഹങ്ങളൊക്കെ പാതിവഴിയില്‍ ബാക്കിവച്ച് വേഗം തിരിച്ചുവരുമെന്ന് മക്കള്‍ക്ക് നല്‍കിയ വാക്കുപോലും പാലിക്കാതെ ആ അമ്മ പോയി. വാവിട്ടുകരയുന്നതിനിടെ ‘എനിക്ക് അമ്മയെ കാണണം’ എന്ന് ഇതിക പലകുറി പറയുന്നുണ്ട്. എന്തുപറയുമെന്നറിയാതെ ഉറ്റവര്‍. അമ്മയുടെ മുഖം പോലും ആ കുഞ്ഞിനെ കാണിക്കാനാവില്ല. അമ്മയുടെ വാത്സല്യച്ചിരി ഇനി ഇതികയ്ക്കും ഇന്ദുചൂഡനും കാണാനാവില്ല. ഓരോ നിമിഷവും നീറിപ്പുകയുകയാണ് രഞ്ജിതയുടെ അമ്മ തുളസിയും ബന്ധുക്കളും. മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക് പോകും. Also Read: ട്രാഫിക്കിൽ കുടുങ്ങി, ഫ്‌ളൈറ്റ് മിസായി; ജീവൻ തിരിച്ചുകിട്ടിയിട്ടും നടുക്കം മാറാതെ ഭൂമി ചൗഹാന്‍
ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ 265പേരാണ് മരിച്ചത്. സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലെ ഗാട്വിക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീ ഗോളമായി നിലംപതിക്കുകയായിരുന്നു. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആശുപത്രിയില്‍ 265 മൃതദേഹങ്ങള്‍ എത്തിച്ചു. ഇതില്‍ 241 പേര്‍ വിമാനത്തിലുണ്ടായിരുന്നവരും മറ്റുള്ളവര്‍ വിമാനം പതിച്ച മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ എംബിബിഎസ് വിദ്യാര്‍ഥികളും പ്രദേശവാസികളുമാണ്. അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്.