പ്രിയ സുഹൃത്ത് രഞ്ജിതയ്ക്ക് സംഭവിച്ച ദാരുണാന്ത്യം താങ്ങാവുന്നതിലും അപ്പുറമെന്ന് സുഹൃത്ത് ധന്യ മനോരമ ന്യൂസിനോട്. തന്നെ വന്നുകണ്ട ശേഷമാണ് അവള്‍ യുകെയിലേക്ക് തിരിച്ചുപോയത്. ഇന്നലെ രാവിലെ കണക്റ്റിങ് ഫ്ലൈറ്റില്‍ കയറുകയാണെന്ന് മെസേജ് അയച്ചു, അവിടത്തെ ക്ലൈമെറ്റ് പിടിക്കുന്നില്ലെന്നും നാട്ടിലേക്ക് പോരുകയാണെന്നും രഞ്ജിത പറഞ്ഞു, ഇനിയുള്ള കാലം നാട്ടില്‍ കുഞ്ഞുങ്ങളോടൊപ്പം കഴിയാമെന്നും, വീടുപണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും രഞ്ജിത തന്നോട് പറഞ്ഞു.
തന്നേക്കാള്‍ മൂന്നുവയസ് ഇളയതായിട്ടും എടി മഞ്ജുവേച്ചീ എന്നാണ് രഞ്ജിത തന്നെ വിളിക്കുന്നതെന്നും ആ സ്നേഹവിളി ഇനി കേള്‍ക്കാനാകില്ലല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ ചങ്ക് പിടയുന്നെന്നും ധന്യ പറഞ്ഞു. പ്രിയപ്പെട്ടവളെക്കുറിച്ച് പറഞ്ഞു മുഴുമിപ്പിക്കാനാവാത്ത ധന്യയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. കഠിനാധ്വാനവും ലക്ഷ്യബോധവുമുള്ളയാളായിരുന്നു രഞ്ജിതയെന്ന് ഉറ്റവരും സുഹൃത്തുക്കളും ഒരേവാക്കില്‍ പറയുന്നു.
മക്കളെ പിരിയുന്നതായിരുന്നു രഞ്ജിതയുടെ മറ്റൊരു വേദന. എങ്കിലും എത്രയും വേഗം തിരിച്ചുവരാമെന്ന് കുഞ്ഞുങ്ങള്‍ക്ക് ഉറപ്പു നല്‍കിയാണ് ആ അമ്മ യുകെയിലേക്ക് പോയത്. അത് എന്നന്നേക്കുമുള്ള യാത്രയായി മാറി. രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാനായി സഹോദരന്‍ അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണസംഖ്യ 265ആയി ഉയര്‍ന്നു. പരിശോധനയില്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കിത്തുടങ്ങി.