തൃശൂരിൽ പച്ചപ്പിന് നടുവിലുള്ള ഗ്രൗണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അത് കണ്ട് ഞെട്ടിയിരിക്കുന്നവർക്ക് ഒരു പുതിയ സംഭവം കാണിച്ചുതരാം. ആഡംബര ഹോട്ടലുകളിലെ സ്വിമ്മിങ് പൂൾ വരെ തോറ്റുപോകുന്ന ഒരു പഞ്ചായത്ത് കുളം. കണ്ടാൽ ഒന്ന് ഇറങ്ങി നീന്താൻ തോന്നും.
പല കിണറുകൾക്കു തുല്യമാണ് ഒരു കുളമെന്നു പറയുന്നുണ്ടെങ്കിലും എല്ലാവരും വീടുകളിൽ കിണറു കുത്തി വെള്ളം സ്വന്തമാക്കിയപ്പോൾ അവയ്ക്ക് വെള്ളം നൽകിയിരുന്ന കുളം പൊതുസ്ഥലത്തായതുകൊണ്ട് ആർക്കും വേണ്ടാതായി. തൃശൂർ മുടിക്കോട്ടെ ചാത്തൻകുളമാണ് ഇന്ന് ആ നാടിനും അവിടുത്തെ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരമായി മാറിയിരിക്കുന്നത്. നാട്ടുകാർ എല്ലാവരും ചാത്തൻകുളത്തിന്‍റെ കൂട്ടുകാരാണ്. കേട്ടറിഞ്ഞ് എത്തി കുളിച്ച് അർമാദിക്കുന്നവർ ധാരാളം. ഒരു കുളമല്ലേ, നല്ല വെള്ളവുമല്ലേ എന്ന് ചിന്തിച്ചപ്പോൾ ചിലർക്ക് നീന്തൽ പഠിക്കാൻ മോഹം. ചാത്തൻകുളം അതും സാധിച്ചുകൊടുക്കുന്നു.
നിരവധി പേരാണ് അവിടെ നീന്തി പഠിക്കുന്നതും നീന്തി തുടിക്കുന്നതും. ചേറും ചണ്ടിയും നിറഞ്ഞ് ഉപേക്ഷിക്കപ്പെട്ടിരുന്ന ചാത്തൻകുളത്തിനു ശാപമോക്ഷം നൽകിയത് മന്ത്രി കെ രാജൻ ആണ്. വെള്ളം തെളിഞ്ഞതോടെ കുളം ഉണർന്നു, കുട്ടികളും മുതിർന്നവരും നീന്തി തുടിച്ചു.