ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെന്ന സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് അമ്മ സിന്ധു കൃഷ്ണകുമാര്‍. മൂന്ന് യുവതികളേയും ഇരുത്തി ചോദ്യം ചെയ്യുന്ന വിഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ദിയയുടെ സഹോദരിയും നടിയുമായ അഹാന കൃഷ്ണ മൂന്ന് വനിതാ ജീവക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓഗസ്റ്റുമുതല്‍ പണം തട്ടിയതായി ദൃശ്യത്തില്‍ പെണ്‍കുട്ടികള്‍ സമ്മതിക്കുന്നു. അഹാനയും ദിയയുമാണ് പെണ്‍കുട്ടികളോട് സംസാരിക്കുന്നത്.
പണം എടുത്തതായി ജീവനക്കാര്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്. 4000 രൂപ വരെ എടുത്തെന്ന് ജീവനക്കാരില്‍ ഒരാള്‍ ഈ വിഡിയോയില്‍ സമ്മതിക്കുന്നുണ്ട്. ഓഗസ്റ്റ് മുതല്‍ പണം തട്ടിയിട്ടുണ്ടെന്നും ജീവനക്കാരില്‍ ഒരാള്‍ പറയുന്നു. സിന്ധു കൃഷ്ണകുമാറും ദിയയുടെ ഭര്‍ത്താവും വിഡിയോയില്‍ ജീവനക്കാരോട് സംസാരിക്കുന്നുണ്ട്. പൊലീസിനെ അറിയിക്കുമെന്നും വിഡിയോയില്‍ പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോള്‍ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരിയുടെ മൊഴി. ‘ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങള്‍ സ്കാനര്‍ മാറ്റി’ എന്നും മൂവര്‍ സംഘം തുറന്ന് പറയുന്നു.
തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന വനിതാ ജീവനക്കാരുടെ പരാതിയില്‍ ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്തിരുന്നു. കൃഷ്ണകുമാറിന്‍റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലെടുത്ത കേസില്‍ ചലച്ചിത്രതാരം അഹാന ഉള്‍പ്പടെ ആറ് പേരാണ് പ്രതികള്‍. കടയിലെ ക്യൂ ആര്‍ കോഡില്‍ തിരിമറി നടത്തി 69 ലക്ഷം രൂപ തട്ടിയെടുത്തത് പിടിച്ചപ്പോഴാണ് പരാതിയെന്ന് കൃഷ്ണകുമാറും ദിയയും മനോരമ ന്യൂസിനോട് പറഞ്ഞു. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിരുന്നതെന്ന് ജീവനക്കാരുടെ വിശദീകരണം. ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.