കോഴിക്കോട് മുതുക്കാട് ആദിവാസി ഊരിലെ ദുരൂഹമരണങ്ങള്‍ ആത്മഹത്യയായി പൊലീസ് ഒതുക്കി തീര്‍ക്കുകയാണെന്ന് ആരോപണം. തുടര്‍ച്ചയായി മരണങ്ങള്‍ നടന്നിട്ടും കൃത്യമായി അന്വേഷണം നടക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ 17കാരന്‍ ബിനുവിന്‍റെ മരണവും ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
2002 ല്‍ കൊളത്തറയില്‍ 41 ആദിവാസി കുടുംബങ്ങള്‍ക്കാണ് പട്ടയഭൂമി നല്‍കിയത്. ഇന്ന് അവിടെ ബാക്കിയുള്ളത് 22 കുടുംബങ്ങള്‍ മാത്രമാണ്. ഊരില്‍ സമാനസാഹചര്യത്തില്‍ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിടും കൃത്യമായി അന്വേഷിക്കപ്പെട്ടുന്നില്ലെന്നാണ് ആരോപണം. 17 വയസുകാരന്‍ ബിനുവിന്‍റെ മരണവും ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ നിഗമനം. കാല്‍ നിലത്ത് കുത്തിയ രീതിയില്‍ ആയിരുന്നു മൃതദേഹമെങ്കിലും അസ്വഭാവികമായിട്ടൊന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടില്ല.
ബിനുവിന്‍റെ സഹോദരന്‍ വിപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത് കഴിഞ്ഞമാസം ഇരുപതാം തീയതിയാണ്. ഇതുവരെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടില്ല. നാല് വര്‍ഷം മുമ്പ് ബിനുവിന്‍റെ സഹോദരനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മൂത്ത സഹോദരന്‍ ജയിലാണ്. കൊളത്തറ നിവാസികള്‍ക്കിടയിലുള്ള അമിത മദ്യഉപഭോഗത്തിന് പരിഹാരം കാണണമെന്നും ആവശ്യമുണ്ട്.