11 മിനിറ്റ് വിഡിയോ, കൂടുതലും അഹാനയുടെ ചോദ്യങ്ങള്‍, ഇരുന്ന് ഉരുകുകയായിരുന്നു മൂന്ന് യുവതികളും. പലപ്പോഴും തെറ്റ് പറ്റിയെന്ന് തുറന്ന് പറയുന്നു. പ്രശ്നമുണ്ടാക്കരുത് ആരും അറിയരുതെന്ന് ഭര്‍ത്താക്കന്‍മാര്‍. അവസാനം നില്‍ക്കകളിയില്ലാതെ വന്നപ്പോള്‍ ‘ചേച്ചി പൊലീസിനോട് പറയരുതെ’ എന്ന് അഹാനയോട് അപേക്ഷ. നിങ്ങള്‍ െചയ്ത കാര്യം ശരിയല്ലെന്നും പൊലീസിനെ അറിയിക്കുമെന്ന് അഹാന പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോള്‍ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരിയുടെ മൊഴി. ‘ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങള്‍ സ്കാനര്‍ മാറ്റി’ എന്നും മൂവര്‍ സംഘം തുറന്ന് പറയുന്നു.
നേരത്തെ യുവതികളുമായി കൃഷ്ണകുമാറും അഹാനയും അടക്കം സംസാരിക്കുന്ന വീഡിയോയുടെ ഭാഗം കൃഷ്ണകുമാര്‍ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയില്‍ യുവതികള്‍ പറയുന്നുണ്ട് തങ്ങള്‍ മൂവരും ചേര്‍ന്ന് പണം വീതിച്ച് എടുത്തിട്ടുണ്ട് എന്ന്. 200 രൂപ കിട്ടിയാല്‍ 500 വെച്ച് മൂന്ന് പേരും എടുക്കുകയാണ് ചെയ്യാറുളളത് എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ യുവതികള്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇത്തരത്തില്‍ തങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി അവര്‍ പറയിച്ചു എന്നാണ്.
കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണന് തിരുവനന്തപുരം കവടിയാറില്‍ ഫാന്‍സി ആഭരണങ്ങള്‍ വില്‍ക്കുന്ന കടയുണ്ട്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയും ഭര്‍ത്താക്കന്‍മാരെയും, മെയ് 30ന് കൃഷ്ണകുമാറിന്‍റെ അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി, ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് പരാതിയും കേസും. ഇവരുടെ പരാതിയില്‍ കേസെടുക്കുന്നതിന് മുന്‍പ് തന്നെ കൃഷ്ണകുമാറിന്‍റെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ വിറ്റ് കിട്ടുന്ന പണം, കടയിലെ ക്യൂ ആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
ആഭരണങ്ങള്‍ വാങ്ങിയ സുഹൃത്തുക്കള്‍ പറഞ്ഞാണ് തട്ടിപ്പറിഞ്ഞതെന്നും അതിന് ശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇവരും ഭര്‍ത്താക്കന്‍മാരും ആദ്യം ദിയയുടെ ഫ്ളാറ്റിലെത്തിച്ച് 30ന് 5 ലക്ഷം രൂപ തന്നു. പിന്നീട് കൂടുതല്‍ സംസാരിക്കാനായി കൃഷ്ണകുമാറിന്‍റെ ഓഫീസിലേക്ക് പോയി. അവിടെ വച്ച് മൂന്ന് ലക്ഷത്തി 82 ആയിരം രൂപയും തന്നു. അതിന് ശേഷം പിന്നീട് രാത്രിയില്‍ ദിയയെ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി കൊടുത്തതെന്നും കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു.