‘വീട്ടിൽ ആരെങ്കിലും സഹായം ചോദിച്ചു വന്നാൽ എത്ര പണം കൊടുക്കാനും മടിയില്ല. മറ്റുള്ളവരെ സഹായിക്കാൻ നിർബന്ധമുള്ളയാളാണ്. ഒരാഴ്ച മുമ്പ് വീട്ടിൽ നിന്ന് ഷൈനുമായി പോകുമ്പോൾ വീട് ശ്രദ്ധിക്കാൻ പറഞ്ഞു. പ്ലാവിൽ നിറയെ ചക്കയുണ്ട്. മൂത്ത് തുടങ്ങി. നാട്ടുകാർക്കെല്ലാം കൊടുക്കണം.’അയൽവാസിയായ തൃശൂർ മുണ്ടൂർ സ്വദേശി സൈമൺ ചിറമ്മലിന്റെ വാക്കുകൾ. Also Read: ‘എന്‍റെ മോനാ അവന്‍..; വിവാദങ്ങളിലും ഷൈനിനെ ചേര്‍ത്ത് നിര്‍ത്തിയ പിതാവ്; ഒടുവില്‍ അപ്രതീക്ഷിത വേര്‍പാട്
11 വർഷമായി മുണ്ടൂരിലാണ് ചാക്കോയും കുടുംബവും താമസിക്കുന്നത്. ചാക്കോയുടെ തറവാട് വസതി പാലയൂരിലാണ്. ചെറുവത്തൂർ കുടുംബം. ഷൈൻ ഉൾപ്പെടെ നാലു മക്കൾ. രണ്ടു പെൺമക്കളും രണ്ടാൺമക്കളും. കുടുംബസമേതം പൊന്നാനിയിലായിരുന്നു. ഭാര്യ മരിയ കാർമൽ, പൊന്നാനി ഹൈസ്കൂളിൽ അധ്യാപികയായിരുന്നു. വിരമിച്ച ശേഷം മുണ്ടൂരിലേയ്ക്ക് താമസം മാറ്റി. ചാക്കോയും ഭാര്യ മരിയയും മുണ്ടൂർ ഇടവക പള്ളിയിൽ ദിവസവും രാവിലെ കുർബാനയ്ക്കു പോകാറുണ്ട്. നാട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന കുടുംബമാണ്. ഷൈനിന്റെ ലഹരി വിവാദം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന സമയം.
മാധ്യമ പ്രവർത്തകർ ഷൈനിന്റെ വീട്ടിൽ പ്രതികരണത്തിനായി വന്നപ്പോൾ ചാക്കോ പറഞ്ഞു. ‘ ഷൈനിനോടൊപ്പം മാനേജരെ പോലെ ഞാൻ പോകാറുണ്ട്. ലഹരി ഉപയോഗത്തിൽ നിന്ന് മാറി വരികയാണ്. ഷൈനിന്റെ സിനിമാ കാര്യങ്ങളും ഒപ്പം നിന്ന് നിയന്ത്രിക്കുന്നുണ്ട്’. അപകടത്തിൽ ചാക്കോ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നാട്ടുകാർ ഉൾക്കൊണ്ടത്.
പൊന്നാനിയിൽ പലചരക്ക് ഹോൾസെയിൽ കച്ചവടക്കാരനായിരുന്നു ചാക്കോ. ഭാര്യയും ചാക്കോയും പൊന്നാനിയിൽ നിന്ന് തൃശൂരിൽ വന്ന് സ്ഥിരതാമസമാക്കാൻ കാരണം ജൻമനാടിനോടുള്ള ഇഷ്ടമാണ്. രണ്ട് പെൺമക്കളും കുടുംബ സമേതം വിദേശത്താണ്. സംസ്കാരം പിന്നീട് .