രാവിലെ ആറുമണിയോടെയാണ് സേലത്തിന് 20കിമീ മുന്‍പ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഷൈനിന്‍റെ അസിസ്റ്റന്റ് പാച്ചുവാണ് വാഹനം ഓടിച്ചിരുന്നത്. സഹോദരന്‍ മുന്‍വശത്തെ സീറ്റിലും അച്ഛനും അമ്മയും നടുവിലത്തെ സീറ്റിലുമാണ് ഇരുന്നത്. ഷൈന്‍ പുറകുസീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെയാണ് ഒരു ലോറി ട്രാക്കു മാറി ഇവരുടെ കാറിലേക്ക് ഇടിച്ചുകയറിയത്. ഗുരുതരമായി പരുക്കേറ്റ അച്ഛനേയും കുടുംബത്തേയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അച്ഛന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഷൈനിന്‍റെ വലതുകൈ ഒടിഞ്ഞതിനാല്‍ അല്‍പസമയത്തിനകം ശസ്ത്രക്രിയ നടത്തും. അമ്മയും സഹോദരനും അസിസ്റ്റന്റും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. എറണാകുളത്ത് നിന്നും ബെംഗളുരുവിലേക്ക് ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഇവര്‍ യാത്ര തിരിച്ചത്. തൊടുപുഴയിലുള്ള ചികിത്സയ്ക്കു പിന്നാലെ ലഹരിയില്‍ നിന്നും പൂര്‍ണമായും മുക്തിനേടാനായുള്ള തുടര്‍ചികിത്സയ്ക്കായാണ് ഷൈനും കുടുംബവും ബംഗളൂരുവിലേക്ക് തിരിച്ചത്. സിഗരറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ലഹരിവസ്തുക്കളും താന്‍ ഉപേക്ഷിച്ചതായി അടുത്തകാലത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ ഷൈന്‍ പറഞ്ഞിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷൈനിന്‍റെ പിതാവ് സി.പി.ചാക്കോ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കുടുംബമിപ്പോള്‍ ധര്‍മപുരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷൈന്‍ ടോം ചാക്കോയെ ഏറ്റവുമധികം പിന്തുണച്ച് ഒപ്പം നിന്ന വ്യക്തിയായിരുന്നു പിതാവ് സി.പി. ചാക്കോ. മകന്‍ എല്ലാ ദുശ്ശീലങ്ങളും ഉപേക്ഷിച്ച് നല്ല ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ഏറ്റവുമധികം കൊതിച്ചതും അദ്ദേഹമായിരുന്നു. നല്ല ദിവസങ്ങളിലേക്കായുള്ള യാത്രക്കിടെ സംഭവിച്ച പിതാവിന്റെ വേര്‍പാട് താങ്ങാനാവാത്ത അവസ്ഥയിലാണ് ഷൈനും കുടുംബവും.