TOPICS COVERED

ഒരു ചായ, ഒരു ചോല. ഈ പേരില്‍ കണ്ണൂരിലും കോഴിക്കോട്ടുമായി അധ്യാപകനായ ഡോ. ദിലീപ് നല്‍കിയത് അനേകം പേര്‍ക്ക് തണലും കുളിരുമാണ്. പാതയോരത്തെ തണല്‍ മാത്രമല്ല, മാഷിന്‍റെ ക്ലാസിലെത്തിയാല്‍ അവിടെയും കിട്ടും പച്ചപ്പിന്‍റെ കുളിര്‍മ.

ചായയും ചോലയും തമ്മിലെന്താണെന്ന് തോന്നാം. ഈ വാക്കുപോലെ അവ ചേര്‍ത്തുവെച്ചപ്പോള്‍ മണ്ണിലെ വിത്ത് നനവറിഞ്ഞു. പൊട്ടിമുളച്ചു, തൈയായി, മരമായി, പൂത്തു, കായ്ച്ചു.. അങ്ങനെ അനേകം പേര്‍ക്ക് തണലായി. അതില്‍ മനുഷ്യരും ജന്തുജാലങ്ങളും സുഖംകൊണ്ടു. കണ്ണൂര്‍ മൊകേരിയില്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപ് മാഷ് വിത്തിട്ടത് രണ്ടുമരങ്ങള്‍ക്കാണ്. അതിന്ന് വന്‍മരങ്ങള്‍. അതിനടിയില്‍ വിശ്രമിക്കാന്‍ ആളുകള്‍. അതില്‍ കൂടുകുട്ടാന്‍ പക്ഷികള്‍.. 

വിത്തിട്ട് വിത്തിട്ട് ദിലീപ് മാഷ് കോഴിക്കോട്ടുണ്ടാക്കിയത് 590 മരങ്ങള്‍. കണ്ണൂരില്‍ 132. തന്‍റെ ആശയത്തിനും മരത്തിനും മാഷ് വിത്തിട്ടെങ്കിലും, ചായക്കടയ്ക്ക് മുമ്പിലെ ചോലയ്ക്ക് വെള്ളമൊഴിച്ചത് സതിച്ചേച്ചിയുടെയും ഭര്‍ത്താവിന്‍റെയും കരങ്ങള്‍. ചായക്കടയില്‍ നിന്ന് കളയുന്ന വെള്ളം തണലിന്‍റെ വേരിന് കുടിനീരായി. പച്ചപ്പ് പരിചയാക്കിയ അധ്യാപകന്‍ ക്ലാസിലും പച്ചയായി പറഞ്ഞു.. പച്ചപ്പ് ജീവിതമെന്ന്.. വിദ്യാലയമുറിയില്‍ കുട്ടികളുടെ കൈകളിലൂടെ പച്ചപ്പ് വിരിഞ്ഞു.  മൊകേരി രാജീവ്ഗാന്ധി സ്കൂളില്‍ ആരും ആഗ്രഹിക്കുന്നൊരു ക്ലാസ് മുറിയായി അതുമാറി. പുസ്തകം മാത്രമല്ല, പ്രകൃതിയും പാഠമാണ്. അതീ കുട്ടികള്‍ ഈ ക്ലാസില്‍ നിന്ന് പഠിച്ചുകഴിഞ്ഞു

ENGLISH SUMMARY:

Dr. Dileep, an educator based in Kannur and Kozhikode, has provided shade and coolness to many through his initiative, aptly named 'Oru Chaya, Oru Chola' (A Tea, A Grove/Shade). Beyond planting trees along roadsides for shade, his classes also offer a refreshing sense of 'greenery' and knowledge.