അധികാരം നിലനിർത്തിയതോടെ കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് മേയറെ തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്നു. കഴിഞ്ഞതവണ ഡെപ്യൂട്ടി മേയർ ആയ പി  ഇന്ദിര, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ശ്രീജ മഠത്തിൽ എന്നീ പേരുകളാണ് പ്രധാന പരിഗണനയിലുള്ളത്. അതേസമയം ലീഗ് ജില്ലാ നേതാവ് കെ പി താഹിർ ഡെപ്യൂട്ടി മേയർ ആകാനാണ് സാധ്യത.

പ്രതീക്ഷിച്ച വിജയമാണ് കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫിന്റേത്. കഴിഞ്ഞതവണ 34 ഡിവിഷനുകളിൽ വിജയിച്ച യുഡിഎഫ് ഇക്കുറി രണ്ട് ഡിവിഷനുകൾ എങ്കിലും കൂടുതൽ പിടിക്കുമെന്ന് ആത്മവിശ്വാസം കൊണ്ടിരുന്നു. അത് ശരി വയ്ക്കുന്നതാണ് വോട്ടെണ്ണിയപ്പോൾ കണ്ടത്. 36 ഡിവിഷനുകളിൽ യുഡിഎഫ് . മൂന്നാം തവണ ഭരണത്തിൽ എത്തുന്ന യുഡിഎഫിൽ പുതിയ മേയർക്കായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. വിശദമായ ചർച്ചകളിലേക്ക് ഇന്നുമുതൽ കടക്കും.

 മേയർ സ്ഥാനം വനിതാ സംവരണം ആയതിനാൽ പ്രാഗൽഭ്യമുള്ള മുഖത്തെയാണ് കോൺഗ്രസ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ഇക്കഴിഞ്ഞതവണ ഡെപ്യൂട്ടി മേയർ ആയ പി ഇന്ദ്രയാണ് പരിഗണിക്കുന്നവരിൽ ഒന്നാമത് ഉള്ളത്. മുണ്ടയാട് ഡിവിഷനിൽ നിന്ന് വിജയിച്ച മഹിളാ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ശ്രീജ മഠത്തിലും പട്ടികയിലുണ്ട്. കോർപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് ഇവർ രണ്ടുപേരും വേണ്ട എന്ന നിലപാട് ആണെന്നാണ് സൂചന .തായത്തെരു ഡിവിഷനിൽ നിന്ന് വിജയിച്ച അഡ്വ. ലിഷ ദീപക്കിന്റെ പേരാണ് സുധാകരൻ നിർദ്ദേശിച്ചത്. അതേസമയം, വാരം ഡിവിഷനിൽ വിമതനോട് പൊരുതി ജയിച്ച കെ.പി താഹിറിനെ തന്നെ ഡെപ്യൂട്ടി മേയറാക്കാനാണ് ലീഗിൽ ആലോചന. ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ഉൾപ്പെടെ കഴിഞ്ഞേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ. മേയർ സ്ഥാനം ഇത്തവണയും കോൺഗ്രസും ലീഗും പങ്കിടും. ഇതിൻ്റെ കാലയളവ്  ചർച്ചകൾക്ക് ശേഷമാണ് തീരുമാനിക്കുക

ENGLISH SUMMARY:

Kannur Corporation election results show a win for the UDF. Discussions are now underway to decide on the new mayor, with potential candidates including P. Indira and Sreeja Madathil.