വിവാഹത്തിന് ഒരുങ്ങിയ രണ്ടു വീടുകളിലേക്കാണ് ഒറ്റ രാത്രി കൊണ്ടു മരണം കടന്നു വന്നത്, സന്തോഷം നിറഞ്ഞ ആ വീടുകള്‍ സങ്കടകടലായി മാറി. വിവാഹ മുന്നൊരുക്കങ്ങൾക്കിടെ സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിലാണ് പ്രതിശ്രുത വരനും വധുവും മരിക്കാനിടയായത്, മദീന കാർഡിയാക് സെന്റർ നഴ്സ് വയനാട് സ്വദേശി ടീന ബൈജുവിന്റെ മൃതദേഹം 64 ദിവസങ്ങൾക്കു ശേഷം ഇന്ന് നാട്ടിലെത്തിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയ ടീനയുടെ മൃതദേഹം ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് നാട്ടിലെത്തിച്ചത്.
കഴിഞ്ഞ ഏപ്രിൽ 2ന് ആണ് അപകടം നടന്നത്. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഇരുവരും കാറിൽ യാത്ര ചെയ്തത്. അപകടത്തിൽ രണ്ടു കാറുകളും പൂർണമായി കത്തിനശിച്ചിരുന്നു. ഫൊറൻസിക് പരിശോധനാ ഫലം വൈകിയതാണ് മൃതദേഹങ്ങൾ വിട്ടുകിട്ടാൻ താമസിച്ചതെന്നാണ് അറിയുന്നത്. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനാവശ്യമായ സാധനങ്ങൾ ഒരുമിച്ചു വാങ്ങാനാണ് അഖിൽ ടീനയുടെ അടുത്തേക്ക് പോകുന്നത്. വിവാഹ ശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമവും ടീന ആരംഭിച്ചിരുന്നു.
ബൈജുവിന്റെയും നിസിയുടെയും മൂത്ത മകൾ ടീനയ്ക്ക് ഒന്നര വർഷം മുൻപാണ് സൗദിയിലേക്ക് നഴ്സ് വീസ ലഭിക്കുന്നത്. ബൈജു നടവയലിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. നിസി പ്രദേശത്തെ അച്ചാർ കമ്പനിയിൽ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. എല്ലാ ദിവസവും രാത്രി 8 മണിക്ക് വിളിക്കുന്ന മകൾ 2ന് രാത്രി വിളിച്ചില്ല. അങ്ങോട്ടേക്കു വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. തുടർന്ന് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് അപകട വിവരം വീട്ടുകാർ അറിയുന്നത്.
അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്‌സിന്റെ മൃതദേഹം നോർക്കയുടെ സഹായത്തോടെ നാല് ദിവസം മുൻപാണ് നാട്ടിലെത്തിച്ചത്. പറമ്പിൽ പണിയെടുത്തും പശുവിനെ നോക്കിയും ജീവിച്ചിരുന്ന കുടുംബമായിരുന്നു അഖിലിന്റേത്. വെല്ലൂരിലെ ബിരുദ പഠനത്തിനു ശേഷം വിദ്യാർഥി വീസയിലാണ് അഖിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പഠനത്തിനിടെ ജോലി ചെയ്തായിരുന്നു ജീവിതം. രണ്ടര വർഷം മുൻപാണ് അഖിലിന് സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ലഭിക്കുന്നത്. ഇതിനിടെ, അനിയൻ ഡെനിൽ അലക്സും ഇംഗ്ലണ്ടിലെത്തി. 4 മാസം മുൻപു നടവയൽ സ്വദേശി ടീനയുമായി അഖിലിന്റെ വിവാഹവും ഉറപ്പിച്ചു. കഷ്ടപ്പാടുകളിൽ നിന്നു കുടുംബം മെല്ലെ കരകയറി വരുന്നതിനിടെയാണ് അഖിലിന്റെയും പ്രതിശ്രുതവധു ടീനയുടെയും മരണ വാർത്ത എത്തിയത്