കൊല്ലം തൊടിയൂരിൽ ബൈക്ക് യാത്രയ്ക്കിടെ വഴിയിൽ കളഞ്ഞുപോയ രണ്ടുലക്ഷം രൂപ വിലയുള്ള ഐഫോൺ മണിക്കൂറുകൾക്ക് ശേഷം വീട്ടുമതിലിന് മുകളിൽ നിന്ന് കിട്ടി. തൊടിയൂർ കാരൂർക്കടവ് സ്വദേശി ജസീനയുടെ ഐ ഫോണാണ് ബൈക്കിൽ പോകുമ്പോൾ അറിയാതെ താഴെ വീണുപോയത്.
മകന് സ്കൂൾ യൂണിഫോം തയ്ക്കാനുള്ള തുണിയുമായി ബന്ധുവിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് പോകുമ്പോൾ ബൈക്കിന്റെ ഒരു വശത്ത് തൂക്കിയിരുന്ന പ്ലാസ്റ്റിക് കവറിലാണ് തുണിക്കൊപ്പം ഐഫോണും വച്ചിരുന്നത്. യാതക്കിടെ ആ കവർ റോഡിൽ വീണ വിവരം ജസീന അറിഞ്ഞില്ല. വണ്ടി നിർത്തി നോക്കുമ്പോഴാണ് ഫോണും തുണിയും പോയ വിവരം അറിയുന്നത്.
ഫോണടങ്ങിയ കവർ കണ്ടെത്തുന്നതിനായി പലവട്ടം ആ വഴിയിലൊക്കെ പോയി നോക്കിയിട്ടും ഫലമുണ്ടായില്ല. ഐ ഫോണിലേക്ക് വിളിച്ചപ്പോൾ ആദ്യം റിംഗ് ചെയ്തു. പെട്ടെന്ന് ആരോ അത് കട്ടാക്കി. പിന്നീട് വിളിച്ചപ്പോൾ സ്വിച്ച് ഒഫായിരുന്നു. പെട്ടെന്നുതന്നെ ജസീന കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. ദമാമിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ജസീനയുടെ ഭർത്താവ് അനീഷ്.
പൊലീസ് ഫോൺ പോയത് അന്വേഷിച്ചുകൊണ്ടിരിക്കേ, വൈകിട്ട് 5 മണിയോടെയാണ് ജസീനയുടെ വീടിന് അരക്കിലോമീറ്റർ അകലെ മഞ്ഞാടി ജംഗ്ഷനിലെ വീട്ടു മതിലിന് മുകളിൽ ഒരു കവർ ഇരിക്കുന്നത് കണ്ടു. അതിൽ ഐഫോണും യൂണിഫോം തുണിയും കണ്ടെത്തി. ലോക്കുള്ളതിനാൽ ഫോൺ കിട്ടിയയാൾ മതിലിന് മീതേ വച്ചിട്ട് മുങ്ങിയതാവാമെന്ന് പൊലീസ് പറയുന്നു.