gym-santhosh-mother

കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുൽ കൊല്ലപ്പെട്ടതിൽ പ്രതികരണവുമായി ജിം സന്തോഷിന്റെ അമ്മ ഓമന. മകനെ കൺമുന്നിൽ കൊലപ്പെടുത്തിയ ദിനം മറക്കാൻ കഴിയില്ല. ഇന്നും ജീവിക്കുന്നത് ഭയത്തോടെയെന്നും ഓമന പറഞ്ഞു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുൽ. എന്‍റെ മോനെ കൊല്ലരുതെ എന്ന് സന്തോഷിന്റെ അമ്മ കരഞ്ഞ് പറഞ്ഞിരുന്നു.

2025 മാർച്ച് 27നാണ് പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്.പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം സന്തോഷിന്റെ മാതാവ് ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു.

അക്രമികൾ സ്ഫോടക വസ്തുക്കൾ മുറിയിൽ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്കുമാർ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചത്. ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു.

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രായത്തെ വെല്ലുന്ന ഹീറോയിസം എന്നാണ് അതുലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്. പകരം വീട്ടാൻ നടക്കുന്നവരോട് പറയാനുള്ളത് എന്ന ടൈറ്റിലിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത അലുവ അതുലിന്റെ മാസ് റീലിന്റെ സ്ക്രീൻ ഷോട്ടും പ്രചരിക്കുന്നുണ്ടായിരുന്നു.

ഗുണ്ടാപ്പകയെത്തുടർന്നാണ് കൊലക്കേസ് പ്രതിയായ അലുവ അതുലിനെ വെട്ടിക്കൊന്നത്. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ, സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്. മാരകമായി വെട്ടേറ്റ അതുൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ENGLISH SUMMARY:

Aluva Atul, the main accused in the Jim Santhosh murder case, was killed in Kollam Karunagappally following a gangster rivalry. His mother's testimony highlights the horrific events and the lasting fear associated with the crime.