ദേശീയപാതയിൽ വീണ്ടും വിള്ളൽ. മലപ്പുറം വലിയപറമ്പ് ആണ് വിള്ളൽ കണ്ടെത്തിയത്. പാത മണ്ണിലേക്ക് താഴ്ന്നതായും നാട്ടുകാർ പറഞ്ഞു. നേരത്തെ ദേശീയപാത തകർന്ന കൂരിയാടിന് സമീപമാണ് വലിയപറമ്പ്.
വലിയപറമ്പ് ഐസ് കമ്പനിക്ക് സമീപത്താണ് റോഡ് മണ്ണിലേക്ക് താഴ്ന്നത്. പലയിടങ്ങളിലായി വിള്ളലും കാണാം. ആദ്യം ദേശീയപാത തകർന്ന കൂരിയാട്ടിൽ നിന്ന് രണ്ടര കിലോമീറ്റർ അകലമേ വലിയ പറമ്പിലേക്ക് ഉള്ളൂ. സ്ഥലത്ത് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ സന്ദർശനം നടത്തി.
വിള്ളൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. കൂരിയാട് ഉണ്ടായതുപോലുള്ള തകർച്ച ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. റോഡ് അപകട ഭീഷണിയിൽ ആണെന്ന് മനസ്സിലായതിനെ തുടർന്ന് ഒരാഴ്ച മുന്നേ ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചിരുന്നു.