മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളിലെ പാട്ടുകള്‍ക്ക് ചുണ്ടനക്കിയും നൃത്തം ചെയ്തും വീഡിയോയെടുത്തും ഹിറ്റായ കിളി പോളിന്‍റെ വഴിയെ മറ്റൊരു വിദേശി കൂടി തരംഗമാകുന്നു. സ്വീഡനില്‍നിന്നുള്ള കാള്‍ സ്വെന്‍ബെറി. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച് മുന്നേറുന്ന കാള്‍ സ്വെന്‍ബെറിക്ക് ഇന്‍സ്റ്റയില്‍ 10 ലക്ഷത്തോളം ആരാധകരുണ്ട്. സഹോദരി നീമ പോളുമായി ചേര്‍ന്നുള്ള വീഡിയോകളിലൂടെയാണ് കിളി പോള്‍ ഹിറ്റായതെങ്കില്‍ കാള്‍ സ്വെന്‍ബെറിയുടെ വീഡിയോകള്‍ ഭാര്യ റഷ്യക്കാരി എകത്രീനയ്ക്കൊപ്പമാണ്.
കിളിയുടെ മലയാളം പ്രേമം 'തുടരും'
തുടരും സിനിമയിലെ ഗാനത്തിനൊപ്പം ചുണ്ടനക്കി നൃത്തം ചെയ്തുള്ള കാള്‍ സ്വെന്‍ബെര്‍ഗിന്‍റെ വീഡിയോ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ഗോഡൗണ്‍ കമ്പനിയിലെ മാനേജര്‍ ജോലിക്കൊപ്പം അഭിനയ പഠനവും നടത്തുന്ന കാളിന്‍റെ സ്വപ്നം ഇന്ത്യയില്‍വന്ന് നടനാവുക എന്നതാണ്. അതിനുവേണ്ടി കേരളം സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് കാള്‍. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഏറെ ഇഷ്ടപ്പെടുന്ന കാള്‍ സ്വെന്‍ബെര്‍ഗി അവരുടെ കടുത്ത ആരാധകരന്‍ കൂടിയാണ്. പഠനസമയത്ത് 'സര്‍വകലാശാല വിദ്യാര്‍ഥി കൈമാറ്റ പദ്ധതി'യുടെ ഭാഗമായി റഷ്യയിലെത്തിയപ്പോഴാണ് ഏകത്രീനയെ കാണുന്നതും പിന്നീട് ജീവിതസഖിയാക്കിയതും. കാള്‍ സ്വെന്‍ബെറിയുടെ എല്ലാ പരിശ്രമങ്ങള്‍ക്കും കട്ട പിന്തുണയുമായി ഏകത്രീന കൂടെയുണ്ട്.
കാളിനെ രാജയാക്കിയ സൗഹൃദം
അഭിനയ മോഹം ഉള്ളില്‍കൊണ്ടുനടക്കുന്ന കാള്‍ സ്വെന്‍ബെര്‍ഗി ഇന്ത്യന്‍ സിനിമകളുടെ ആരാധകനാണ്. ആന്ധ്രക്കാരനായ സുഹൃത്താണ് കാളിന്‍റെ സിനിമ മോഹത്തെ റീല്‍ ചിത്രീകരണത്തിലേക്ക് വഴിതിരിച്ചുവിട്ടത് . തെലുങ്ക് സിനിമയിലെ അടിപൊളി പാട്ടുകളും ഡയലോഗുകളും കാളിന്‍റെ ശ്രദ്ധയില്‍കൊണ്ടുവന്നത് ഈ സുഹൃത്താണ്. അങ്ങനെ ആദ്യ പരീക്ഷണം തെലുങ്ക് സിനമകളിലെ ഗാനരംഗങ്ങള്‍ക്ക് ചുണ്ടനക്കിയായിരുന്നു. പിന്നീട് തെലുങ്ക് സിനിമ ഡയലോഗുകള്‍ പരീക്ഷിച്ചു. തെലുങ്ക് സിനിമയോടുള്ള ആരാധന ഇന്‍സ്റ്റ അക്കൗണ്ടിലെ പേരിനൊപ്പം രാജ എന്നുകൂടി ചേര്‍ത്തു. പതിയെ മലയാളം, തമിഴ്, ഹിന്ദി സിനിമ ഗാനങ്ങളും സീനുകളും അനുകരിച്ച് വിഡിയോ ചിത്രീകരണം തുടങ്ങി.