ഉരുളിന്‍റെ മഹാദുരന്തത്തില്‍ നിന്ന് ഉമ്മയ്ക്കൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ട ചൂരല്‍മലയിലെ നൈസമോളെ ആരും മറന്ന് കാണില്ല. ആശുപത്രിക്കിടക്കയില്‍ വച്ച് പ്രധാനമന്ത്രിക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്ത മിടുക്കി. ഇന്ന് എല്‍കെജി ക്ലാസിലേക്ക് ചുവടുവയ്ക്കുകയാണ് നൈസ മോള്‍. നൈസമോളുടെ വിശേഷങ്ങള്‍ ഒന്ന് കണ്ടുവരാം.
അങ്ങനെ എളുപ്പത്തില്‍ ആര്‍ക്കും മറക്കാനാവുന്ന ആളല്ല നൈസ മോള്‍. ആശുപത്രിയില്‍ തന്നെ കാണാനെത്തിയ പ്രധാനമന്ത്രിക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്ത് കയ്യിലെടുത്ത മിടുക്കി. നൈസമോള്‍ ഇപ്പോള്‍ വലിയ കുട്ടിയായി. ഇക്കൊല്ലം എല്‍കെജി ക്ലാസിലേക്ക് പോകുന്ന നൈസമോളുടെ വിശേഷങ്ങള്‍ തിരക്കിയാണ് ഞങ്ങള്‍ വീട്ടിലെത്തിയത്.
പുത്തന്‍ബാഗും കുടയും പുസ്തകങ്ങളും ഒക്കെ റെഡി. അതിന് മുന്‍പ് ഒന്ന് ആകെയൊന്ന് റെഡിയാകണം. അതിന് ഉമ്മ ജസീല സഹായിക്കും. പുതിയ കൂട്ടുകാരെ കാണാന്‍ പോകുകയാണ്. അവരെ കയ്യിലെടുക്കാന്‍ ചില സംഗതികള്‍ കയ്യിലുണ്ട്.
ഉപ്പയെയും രണ്ട് സഹോദരങ്ങളെയും ഉരുള്‍ കവര്‍ന്നെടുത്തതിന്‍റെ ഓര്‍മകളെക്കുറിച്ചൊന്നും നൈസമോളോട് ഞങ്ങള്‍ ചോദിച്ചില്ല. ഒരുനാടാകെ കുത്തുഴുക്കില്‍ പെട്ട രാത്രിയില്‍ അവളെ നെഞ്ചോട് ചേര്‍ത്ത ഉമ്മ ജസീലയുടെ കരുതല്‍ അവള്‍ക്കുണ്ട്. ഒരു നാടാകെ ഒപ്പമുണ്ട്. മേപ്പാടി ചുളിക്കയിലെ വാടവീട്ടില്‍ നിന്ന് സ്വന്തമായൊരു വീടെന്ന സ്വപ്നം ഇവര്‍ക്ക് അകലെയല്ല. പുതിയ ചുവടുവയ്പ്പിന് നൈസമോള്‍ക്ക് എല്ലാ ആശംസകളും.