ഉരുള്‍ ദുരന്തഭൂമിയായ വയനാട് ചൂരല്‍മലയിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചോദിക്കാന്‍ ഇത്തവണ പഞ്ചായത്തും ജില്ലയും കടന്ന് നെട്ടോട്ടം ഓടണം. ദുരന്തത്തിന് പിന്നാലെ വാടകവീടുകളിലേക്ക് പറിച്ചുനടപ്പെട്ടവര്‍ പലയിടത്തായെങ്കിലും അവരെ നേരില്‍ കാണാതെ ഈ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകില്ല.
ഓട്ടം എന്നു പറഞ്ഞാല്‍ ചെറിയ ഓട്ടമൊന്നുമല്ല.. മേപ്പാടി പഞ്ചായത്തും കടന്ന് വേണ്ടിവന്നാല്‍ വയനാട് അതിര്‍ത്തിയും പിന്നിട്ട് തമിഴ്നാട്ടിലെ ചേരമ്പാടിയിലേക്കും പോകണം. അത്രയും വോട്ടര്‍മാര്‍ പുറത്തുണ്ട്. ചൂരല്‍മല, അട്ടമല വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ ഈ ഓട്ടത്തിലാണ്. ഒരായുസിന്‍റെ സമ്പാദ്യമെല്ലാം കവര്‍ന്നെടുത്ത ഉരുള്‍ ദുരന്തത്തെ അതിജീവിച്ചവരെ തേടിയാണ് ഈ യാത്ര. മിക്കവരും വാടകവീടുകളിലാണ്.
മുണ്ടക്കൈ എന്ന വാര്‍ഡ് ഇല്ലാതായി ചൂരല്‍മല എന്ന ഒറ്റ വാര്‍ഡിലേക്ക് ചുരുങ്ങി. അട്ടമലയിലെയും 156 കുടുംബങ്ങള്‍ താമസിക്കുന്നത് വാര്‍ഡിന് പുറത്താണ്. ദുരന്തമുഖത്ത് പതറാതെ നിന്ന ഷൈജ ബേബി ഇക്കുറിയും ജനവിധി തേടുന്നു. പുതിയ ടൗണ്‍ഷിപ്പിലേക്ക് എത്രയും വേഗം മാറണമെന്ന ആഗ്രഹമാണ് എല്ലാവരും പങ്കുവയ്ക്കുന്നത്.
അതിജീവിതരുടെ പ്രയാസങ്ങള്‍ കേള്‍ക്കാന്‍ മുഴുവന്‍ വീടുകളിലും എത്തണമെന്നാണ് ഇവരുടെയും ആഗ്രഹം. കിലോമീറ്ററുകള്‍ താണ്ടായിയായാലും എല്ലാവരെയും നേരില്‍ കാണാന്‍ കഴിഞ്ഞാല്‍ അതുതന്നെയാകും ഈ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികളുടെ ഏറ്റവും വലിയ ആഹ്ളാദം.